പറവൂർ : (piravomnews.in) ചേന്ദമംഗലം പാലിയം നടയിൽവച്ച് ദളിത് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഗോതുരുത്ത് ആലുങ്കത്തറ അതുൽ ബിജു (22)വിനാണ് മർദനമേറ്റത്. ചൊവ്വ രാത്രി 12നാണ് സംഭവം.
വീട്ടിൽനിന്ന് പറവൂർ ടൗണിലേക്ക് ബൈക്കിൽ പോകുകയായിരുന്ന അതുലിനെ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി. തുടർന്ന് അവരുടെ വാഹനത്തിൽ കയറ്റി കിഴക്കുംപുറത്ത് കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. ഇതിനുശേഷം അതുലിനെ വിട്ടയച്ചു. വീട്ടിലെത്തിയ അതുൽ കുടുംബാംഗങ്ങളോട് സംഭവം പറഞ്ഞിരുന്നില്ല.

ഞാറയ്ക്കലിൽ ബോച്ചേയുടെ ഹോട്ടലിൽ ജീവനക്കാരനായ അതുൽ ബുധൻ രാവിലെ പതിവുപോലെ ജോലിക്കു പോയി. അതുലിന്റെ ശരീരമാസകലമുള്ള പാടുകളും മുറിവുകളും കണ്ട ജോലിസ്ഥലത്തെ ജീവനക്കാർ വിവരം വീട്ടിലറിയിക്കുകയും വൈകിട്ട് പറവൂർ ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മർദിക്കാനുള്ള കാരണം വ്യക്തമല്ല. പാലിയംനട കേന്ദ്രീകരിച്ച് രാത്രിയിൽ തമ്പടിക്കാറുള്ള ലഹരി മാഫിയ സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അതുലിന്റെ മൊബൈൽ ഫോൺ, പേഴ്സ് എന്നിവയും അക്രമിസംഘം കവർന്നിട്ടുണ്ട്.
Complaint alleging gang assault on Dalit youth
