കൊച്ചി : (piravomnews.in) സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രൊവിഡൻസ് റോഡിൽ പ്രവർത്തിക്കുന്ന വളവി ആൻഡ് കമ്പനി സുരക്ഷാ ജീവനക്കാരൻ കൊല്ലം പടപ്പക്കര സിൽവ ഹൗസിൽ ബിജു അലോഷ്യസാണ് (47) മരിച്ചത്. ബുധൻ രാവിലെ 8.30നായിരുന്നു സംഭവം.
പ്രിന്റിങ് സാമഗ്രികൾ താഴത്തെ നിലയിൽനിന്ന് ഒന്നാംനിലയിലേക്ക് ലിഫ്റ്റ് വഴി എത്തിക്കുന്നതിനിടെയായിരുന്നു അപകടം. ഒന്നാംനിലയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ ഒരു പാക്കറ്റ് ലിഫ്‌റ്റിനുള്ളിലേക്ക് വീണു.

ഇത് എടുക്കാൻ തല ഇട്ടപ്പോൾ കേബിൾ പൊട്ടി ലിഫ്‌റ്റ് വീഴുകയായിരുന്നുവെന്ന് ക്ലബ് റോഡ് -അഗ്നിരക്ഷാസേന പറഞ്ഞു. ലിഫ്‌റ്റിന്റെ മുകൾഭാഗം കഴുത്തിൽ പതിച്ചു.
തല ലിഫ്‌റ്റിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. സെൻട്രൽ പൊലീസും ക്ലബ് റോഡ് അഗ്നിരക്ഷാസേനയുംചേർന്ന് ലിഫ്‌റ്റിന്റെ മുകൾഭാഗം ഉയർത്തി ബിജുവിനെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്കാരം വെള്ളി പകൽ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.മക്കൾ: അനുമോൾ, ആന്റണി.
Security guard dies tragically after getting his head stuck in service lift
