കോതമംഗലം : (piravomnews.in) കോട്ടപ്പടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനകൾ വീട് തകർത്തു. വടക്കുംഭാഗം കവലക്ക് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ മോഹനന്റെ വീട്ടിലാണ് ആനകൾ നാശം വിതച്ചത്.
രാത്രി 12.30 ഓടെ വളർത്തു നായയുടെ നിർത്താതെയുള്ള കുരകേട്ട് പുറത്തിറങ്ങിയ മോഹനന്റെ തൊട്ടരികിൽ ആനകളെത്തി. ഓടി വീടിനകത്ത് കയറി ഭാര്യഗ്ലാഡയെയും വിളിച്ചു പുറത്തിറങ്ങി. സമീപത്തു താമസിക്കുന്ന അമ്മയെയും വിളിച്ചുണർത്തി രക്ഷപ്പെടുകയായിരുന്നു. ആന രണ്ടു വീടുകൾക്കിടയിലൂടെ കടക്കുന്നതിനിടെ മോഹനന്റെ വീടിന്റെ ഭിത്തി തകർന്നു.
മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചാണ് ആനകൾ കടന്നു പോയത്. മൂന്നു ദിവസമായി മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആറ് ആനകളിൽ ഒന്നാണ് വീടിനകത്ത് കയറി നാശം വിതച്ചത്.
രണ്ടു ദിവസം മുൻപു കര്‍ണ്ണൂര്‍ കോലേക്കാട്ട് അനില്‍, മാമ്പിള്ളി ഇന്റീരിയല്‍ സ്ഥാപനം നടത്തുന്ന നിതീഷ് എന്നിവരുടെ ബൈക്കുകൾക്ക് നേരേ പാഞ്ഞടുക്കുകയും ബൈക്ക് ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയും ചെയ്തു. അനിലിന്റെ ബൈക്ക് കാട്ടാന നശിപ്പിച്ചിരുന്നു.
Wild elephants created a terror atmosphere in Kottapadi and destroyed a house
