കൊല്ലം: (piravomnews.in) കൊല്ലം പുനലൂരിൽ കാണാതായ വയോധിക രാത്രിമുഴുവന്‍ അയല്‍പക്കത്തെ കിണറ്റിനുള്ളില്‍ കുടുങ്ങി. മോട്ടോര്‍ പമ്പിന്റെ കുഴലില്‍ പിടിച്ചുനിന്ന ഇവരെ പിറ്റേദിവസം രാവിലെ അഗ്നിരക്ഷാസേനയെത്തി കരകയറ്റി.
പുനലൂര്‍ കക്കോട് സ്വദേശിനി ലീലയാണ് (65) ഒരു രാത്രിമുഴുവന്‍ കിണറ്റില്‍ കഴിച്ചുകൂട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതലാണ് ലീലയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും രാത്രി കിണറ്റിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടുകിട്ടിയിരുന്നില്ല.

പിറ്റേദിവസം രാവിലെ കിണറിന് സമീപം ചെരിപ്പ് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും വീണ്ടും ഉള്ളില്‍ പരിശോധിക്കുമ്പോഴാണ് കുഴലില്‍ പിടിച്ചുനില്‍ക്കുന്നനിലയില്‍ ലീലയെ കണ്ടത്.
30 അടി താഴ്ചയുള്ള കിണറാണിത്. ഇതില്‍ അഞ്ചടി ഉയരത്തില്‍ വെള്ളവുമുണ്ടായിരുന്നു. വീട്ടുകാര്‍ ഉടന്‍തന്നെ പുനലൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. അവിടെനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ബി. ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി വല ഉപയോഗിച്ച് ലീലയെ കരകയറ്റുകയായിരുന്നു. വീഴ്ചയില്‍ കാര്യമായ പരിക്കില്ല.
Missing elderly woman trapped in well all night; the moment she saw death in front of her, the pump pipe became a trap
