കോതമംഗലം : (piravomnews.in) കോതമംഗലം താലൂക്കാശുപത്രിയിൽ 11.15 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓപ്പറേഷൻ തിയറ്റർ അടച്ചിടേണ്ടിവന്നതെന്ന് ആന്റണി ജോൺ എംഎൽഎയും നഗരസഭാ ചെയർമാൻ കെ കെ ടോമിയും അറിയിച്ചു.
തിയറ്റർ നവീകരണം ഉൾപ്പെടെ ആശുപത്രിയുടെ ഗുണനിലവാരം ഗണ്യമായി ഉയർത്തുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. ഉപയോഗിക്കുന്ന കെട്ടിടത്തിൽ പണിചെയ്യണമെങ്കിൽ ഘട്ടംഘട്ടമായി അടച്ചിടേണ്ടിവരുന്നത് സ്വാഭാവികമാണ്. പണി പൂർത്തിയായ വാർഡുകളിലേക്ക് രോഗികളെ മാറ്റി പാർപ്പിച്ചാണ് ഇത് സാധിച്ചത്.എന്നാൽ, ഓപ്പറേഷൻ തിയറ്ററിന്റെ കാര്യത്തിൽ ഇങ്ങനെ മാറ്റാൻ കഴിയില്ല.

പണി കഴിഞ്ഞ് മൂന്നുതവണ കഴുകി വൃത്തിയാക്കി, അണുനശീകരണത്തിനായി അടുത്ത മൂന്നുദിവസം അടച്ചിട്ട്, പിന്നീട് മൂന്നുദിവസങ്ങളിലായി തറ ഉൾപ്പെടെ വിവിധ ഭാഗങ്ങൾ അണുവിമുക്തമായി എന്ന് ഉറപ്പാക്കിയശേഷമാണ് തുറക്കാൻ കഴിയുക.
നിലവിൽ തിയറ്ററിന്റെ പണി പൂർത്തിയാക്കി ശുചീകരണം കഴിഞ്ഞ് അണുനശീകരണം നടത്തിയിരിക്കുകയാണ്. അടുത്തദിവസംതന്നെ തുറന്ന് അണുവിമുക്തമാക്കി പൂർണതോതിൽ പ്രവർത്തിക്കും.
Operation theater to open soon at Kothamangalam Taluk Hospital
