കൊച്ചി : (piravomnews.in) കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ.

കോർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് സെക്‌ഷൻ ഓവർസിയർ തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശി സ്വപ്‌നയാണ് പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയ കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു. എൻജിനിയറിങ് കൺസൾട്ടൻസി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ബുധൻ വൈകിട്ട് അഞ്ചിന് വൈറ്റില വൈലോപ്പിള്ളി റോഡിൽ പൊന്നുരുന്നി ക്ഷേത്രത്തിനുസമീപം സ്വന്തം കാറിൽവച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌നയെ വിജിലൻസ് പിടികൂടുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പ്രവാസി നിർമിക്കുന്ന 5000 ചതുരശ്ര മീറ്റർ വിസ്‌തീർണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെർമിറ്റിനായി കഴിഞ്ഞ ജനുവരി 30ന് ആണ് പരാതിക്കാരൻ ഓൺലൈനിൽ അപേക്ഷ നൽകിയത്.
സ്ഥലപരിശോധന നടത്തിയശേഷം സ്വപ്‌ന, പെർമിറ്റ് അനുവദിക്കാൻ ഒരോ കെട്ടിട നമ്പറിനും 5000 രൂപവീതം കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും പണം നൽകാനാകില്ലെന്ന് പറഞ്ഞപ്പോൾ 15,000 രൂപയായി കുറച്ചു. പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് മധ്യമേഖല ഓഫീസിൽ അറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന സ്വപ്‌ന പിടിയിലാകുന്നത്.
Vigilance officer caught taking bribe of Rs 15,000 for building permit
