തൃപ്പൂണിത്തുറ: (truevisionnews.com) മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ .

പുതുക്കലവട്ടം-ചോറ്റാനിക്കര റൂട്ടിൽ സർവിസ് നടത്തുന്ന തവക്കൽ ബസിന്റെ ഡ്രൈവർ എളമക്കര പുതുക്കലവട്ടം അമ്പലത്തിന് സമീപം ഷങ്കരോത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ് ആഷിഫ് (22), കണ്ടക്ടർ തോപ്പുംപടി അമ്മായിമുക്ക് എ.സി.ടി കോളനിയിൽ മുഹൈജിബി (19), ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന നടമേൽ ബസ് ജീവനക്കാരായ തിരുവാങ്കുളം കടുംഗമംഗലം സുകുമാരവിലാസം വീട്ടിൽ ശ്യാം ഉണ്ണികൃഷ്ണൻ (32), അമ്പാടിമല ചാപ്പുറത്ത് വീട്ടിൽ നിഖിൽ ചന്ദ്രൻ (37) എന്നിവരെയാണ് ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തുനിന്ന് ചോറ്റാനിക്കരയിലേക്ക് വന്ന ഇരു ബസുകളും വടക്കേക്കോട്ട മുതൽ മത്സരയോട്ടം നടത്തുകയായിരുന്നു.
യാത്രക്കാർ ബസ് നിർത്തുന്നതിനായി ഒച്ചവെച്ചെങ്കിലും ജീവനക്കാർ തമ്മിൽ അസഭ്യംപറഞ്ഞ് മുന്നോട്ടുനീങ്ങവെ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് തവക്കൽ ബസ് ഓവർടേക്കിനു ശ്രമിച്ചപ്പോൾ നടമേൽ ബസ് അതേ വശത്തേക്ക് വെട്ടിച്ച് ഇരുബസുകളും വശം ചേർന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീയുടെ വിരൽ പകുതി അറ്റുപോകുകയും മറ്റ് യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.വിവരമറിഞ്ഞെത്തിയ പൊലീസ് ജീവനക്കാരെയും ബസുകളും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
Private bus drivers arrested for creating a panic and causing a disaster by holding a race
