അങ്കമാലി : (piravomnews.in) മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്ന പരാതിയെത്തുടർന്ന് അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷനിലെ ക്രിസ്റ്റൽ കിച്ചൺ ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു.

ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.കുട്ടിയുടെ മാതാപിതാക്കൾ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി.
ശനിയാഴ്ച കുടുംബാംഗങ്ങളോടൊത്ത് ഹോട്ടലിൽനിന്ന് മസാലദോശ കഴിച്ചുവെന്ന് പരാതിയിലുണ്ട്.തൃശൂർ ആമ്പല്ലൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനുസമീപം കല്ലൂക്കാരൻ ഹെൻറിയുടെയും റോസ്‌മേരിയുടെയും മകൾ ഒലിവിയയാണ്(3) കഴിഞ്ഞദിവസം മരിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന ഹെൻറി ഈസ്റ്റർ ആഘോഷിക്കാനും കുടുംബത്തെ കൂടെകൊണ്ടുപോകാനുമാണ് നാട്ടിലെത്തിയത്.
ഹെൻറിയെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് കുടുംബം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത്. ഹെൻറിക്കും ഭാര്യ റോസ്‌മേരി, അമ്മ ഷീബ എന്നിവർക്കും അസ്വാസ്ഥ്യമുണ്ടായി. ഇവർ ചികിത്സ തേടിയിരുന്നു
.ഈ ഹോട്ടലിൽനിന്നാണോ ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെനിന്ന് ഭക്ഷണം കഴിച്ച മറ്റാരെങ്കിലും ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തിയിട്ടുണ്ടോയെന്ന് അങ്കമാലി പൊലീസ് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.
Death of three-year-old girl: Hotel closed, license revoked
