കൊച്ചി : (piravomnews.in) ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ഹൈക്കോടതി പരിസരത്ത് ആർഡിഎക്സ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇ–മെയിലിൽ എത്തിയതാണ് ആശങ്ക പരത്തിയത്.

പൊലീസും ബോംബ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.‘മദ്രാസ് ടൈഗേഴ്സ്’ എന്ന പേരിലാണ് ഇ–മെയിൽ വന്നത്. സ്ഫോടക വസ്തു വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്കു 3 മണിയോടെ പൊട്ടുമെന്നും എല്ലാവരെയും ഒഴിപ്പിക്കണം എന്നുമായിരുന്നു ഉള്ളടക്കം. സന്ദേശം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഹൈക്കോടതി അധികൃതർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ വിവരം അറിയിച്ചു.
തുടർന്നു സ്ഥലത്തെത്തിയ പൊലീസ് സംഘവും സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്നു ബോധ്യപ്പെട്ടെങ്കിലും വരുംദിവസങ്ങൾ സുരക്ഷ കർശനമാക്കാനാണു തീരുമാനം. സംശയകരമായി എന്തെങ്കിലും കണ്ടാൽ ഹൈക്കോടതി സെക്യൂരിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നു ജാഗ്രതാ നിർദേശവും നൽകി.
Fake bomb threat in the High Court
