പത്തനംതിട്ട: (piravomnews.in) കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഭാര്യയെ പീഡിപ്പിക്കുകയും 12 കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ ഒഴിക്കുകയും,യുവതിയെയും കുട്ടിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ.
തിരുവല്ല പൊലീസാണ് പ്രതിയെ പിടികൂടിയത്. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയിൽ വീട്ടിൽ വിനോദ് (44) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കൊച്ചാലുംമൂട് അഴയാനിക്കൽ ആര്യാ രാജനാണ് പൊലീസിൽ പരാതി നൽകിയത്. ഇരുവരും 2010 മുതൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരികയാണ്.
കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങിയപ്പോൾ ആര്യ സ്ഥലം മാറി താമസിക്കുകയായിരുന്നു. മകനെയും കൂട്ടി ഇരവിപേരൂർ നെല്ലിമല അഴയനിക്കൽ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രി 9.30 ന് വീടിന് സിറ്റൗട്ടിൽ നിന്ന യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം മകന്റെ ദേഹത്തും സിറ്റൗട്ടിലും ഡീസൽ ഒഴിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പൊലീസ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിമാക്കി. പൊലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയിൽ നിന്നും ഇന്നലെ രാത്രി പത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
Father pours diesel on 16-year-old, threatens to kill wife and son; arrested
