നെടുങ്കണ്ടം: (piravomnews.in) പട്ടി കടിച്ചതിനുള്ള കുത്തിവെയ്പ് എടുക്കാന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടര്‍ അസഭ്യം പറഞ്ഞതായി പരാതി.

അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആനന്ദ് ഷാജനെതിരേ നെടുങ്കണ്ടം സ്വദേശി രഞ്ജിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പട്ടിയുടെ കടിയേറ്റ അഞ്ച് വയസ്സുകാരന്റെ മൂന്നാമത്തെ കുത്തിവെയ്പ് എടുക്കാനായിരുന്നു ആശുപത്രിയിലെത്തിയത്.
ഞായറാഴ്ച ആയതിനാല്‍ ഒപി ഉണ്ടായിരുന്നില്ല. ദീര്‍ഘസമയം ക്യൂവില്‍നിന്നശേഷമാണ് തങ്ങള്‍ ഡോക്ടറെ കണ്ടതെന്ന് രഞ്ജിനി പറയുന്നു. എന്നാല്‍, കുത്തിവെയ്പ് എടുക്കാന്‍ ഉച്ചയ്ക്ക് ഒന്നിന് മുമ്പ് വരാഞ്ഞത് എന്താണെന്ന് ചോദിച്ച് ഡോക്ടര്‍ ദേക്ഷ്യപ്പെടുകയായിരുന്നുവെന്നും രഞ്ജിനി പരാതിയില്‍ പറയുന്നു.
ഒപ്പം ചീട്ടില്‍ എഴുതിയിരിക്കുന്ന മൂന്നും നാലും മാനദണ്ഡങ്ങള്‍ മാര്‍ക്ക് ചെയ്തുകൊടുത്തിട്ട് ഇത് പുറത്തിരുന്ന് പഠിച്ചിട്ട് കയറിയാല്‍ മതി എന്ന് പറഞ്ഞ് ഡോക്ടര്‍ ഇറക്കിവിട്ടെന്നും രഞ്ജിനി പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ നെടുങ്കണ്ടം പോലീസിനെ വിളിച്ച് വിവരം ധരിപ്പിച്ചതിന് ശേഷമാണ് ഡോക്ടര്‍ അകത്തേക്ക് വിളിച്ച് കുത്തിവെയ്പ് എടുത്തത്.
വിഷയം ചൂണ്ടിക്കാട്ടി പോലീസിനും ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, ഒരു വയല്‍ പൊട്ടിച്ചാല്‍ ഒന്നിലധികം പേര്‍ക്ക് വാക്‌സിന്‍ എടുക്കണമെന്നതിനാലാണ് ഒന്നിന് മുമ്പ് എത്തണമെന്ന് പറഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ള നിരവധി രോഗികളും ഈ സമയം ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ പരാതിക്കാരിയെ ബോധ്യപ്പെടുത്തിയതിന് ശേഷം വാക്‌സിന്‍ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ, അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവതിക്കെതിരേ ഡ്യൂട്ടി ഡോക്ടറും പോലീസില്‍ പരാതി നല്‍കി.
Complaint alleges doctor abused child and mother who came for vaccination
