ആലങ്ങാട് : (piravomnews.in) കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം മൂലം കോട്ടുവള്ളി– കരുമാലൂർ പഞ്ചായത്ത് നിവാസികൾ ദുരിതത്തിൽ.

പച്ചക്കറി ചെടികൾ, അലങ്കാര ചെടികൾ എന്നിവയുടെ ഇലകൾ ഉൾപ്പെടെ ഒച്ചുകൾ കൂട്ടത്തോടെയെത്തി തിന്നു നശിപ്പിക്കുന്നു. ഓടകൾ, ഇടത്തോടുകൾ എന്നിവിടങ്ങളിൽ നിന്നും കാടുകയറി കിടക്കുന്ന പറമ്പുകളിൽ നിന്നുമാണ് ഇവ കൂട്ടത്തോടെ ഇഴഞ്ഞെത്തുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണ് ഇരു പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലവും.
അതിനാൽ കുടിവെള്ളം പാത്രങ്ങളിൽ ശേഖരിച്ചു വയ്ക്കുന്നതു പതിവാണ്. ഈ പാത്രങ്ങളിൽ വരെ ഒച്ചുകൾ കയറിപ്പറ്റുകയാണ്. അതിനാൽ സാംക്രമിക രോഗങ്ങൾ വരുമോയെന്ന ഭീഷണിയും നിലവിലുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി ഇവയുടെ ശല്യം തുടങ്ങിയിട്ട്. എണ്ണം പെരുകി വരികയാണ്. ഉപ്പ് വിതറി നശിപ്പിച്ചിട്ടും ശല്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. എത്രയും വേഗം പഞ്ചായത്ത് അധികൃതർ ഇടപെട്ടു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
The number has increased and it is impossible to control it; Snails are a nuisance
