കാക്കനാട് : (piravomnews.in) തൃക്കാക്കര നഗരസഭ മാലിന്യശേഖരണ പിക്കപ്പ് ഓട്ടോ തലകീഴായി മറിഞ്ഞു. മൂന്നു ഹരിതകർമസേനാംഗങ്ങൾക്ക് പരിക്കേറ്റു.
ശൈലജ സന്തോഷ് (42), സോമിനി പരമു (65), ടെസി രതീഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോയുടെ ചില്ല് വലതുകൈയിൽ തുളച്ചുകയറിയ ശൈലജയ്ക്ക് പ്ലാസ്റ്റിക് സർജറി നടത്തേണ്ടിവരും.
വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിച്ചെത്തിയ ഓട്ടോയാണ് ശനി രാവിലെ ഏഴിന് പടമുകൾ ഗവ. യുപി സ്കൂളിനുസമീപമുള്ള ജെ ജെ അപ്പാർട്ട്മെന്റ് റോഡിൽ തലകീഴായി മറിഞ്ഞത്.
തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന മാലിന്യങ്ങൾ റോഡിൽ വീണുചിതറി. നഗരസഭയുടെ മറ്റൊരു വാഹനമെത്തി റോഡിൽവീണ മാലിന്യം നീക്കംചെയ്തു. അപകടത്തിൽപ്പെട്ടവരെ അപ്പാർട്ട്മെന്റിലെ താമസക്കാരുടെ നേതൃത്വത്തിലാണ് ഉടനെ ആശുപത്രിയിൽ എത്തിച്ചത്.
Garbage collection pickup auto overturns
