കൊച്ചി : (piravomnews.in) ട്രെയിനിൽ വനിതാ ടിടിഇയെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തശേഷം ഒളിവിൽ പോയ ഹരിപ്പാട് പള്ളിപ്പാട് വെട്ടുമേനി സ്വദേശി ഗോപകുമാറിനെ (45) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 30 നു നിലമ്പൂർ റോഡ് – കോട്ടയം പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാളോടു ഫൈൻ അടക്കാൻ ടിടിഇ ആവശ്യപ്പെട്ടു. ക്ഷുഭിതനായ ഇയാൾ അസഭ്യം പറയുകയും ഫോൺ കേടുവരുത്തുകയും ടിടിഇയെ ആക്രമിക്കുകയും ചെയ്തുവെന്നാണു കേസ്.
ട്രെയിൻ പിറവം റോഡിൽ എത്തിയപ്പോൾ ഇറങ്ങി ഓടിയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. റെയിൽവേ പൊലീസ് സീനിയർ സിപിഒമാരായ കെ.വി.ഡിനിൽ, സഹേഷ്, സിപിഒ ശിവകുമാർ എന്നിവരാണ് ഇയാളെ കലൂരിൽ നിന്നു പിടികൂടിയത്. ചടയമംഗലം, മാവേലിക്കര പൊലീസ് സ്റ്റേഷനുകളിൽ ഇയാക്കെതിരെ വിവിധ കേസുകളുണ്ട്..
Case of assault on female TTE: Accused arrested
