അടിമാലി: (piravomnews.in) ഇടുക്കി അടിമാലിയിൽ ഏലത്തോട്ടത്തിൽ ജോലികൾ ചെയ്യിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് പതിച്ച് തോട്ടം സൂപ്രണ്ട് മരിച്ചു. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ സതീഷ് രാഘവൻ ( 48) ആണ് മരിച്ചത്.

അടിമാലി പീച്ചാടിന് സമീപമുള്ള ഏലത്തോട്ടത്തിൽ കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. തോട്ടത്തില്‍ കനാലിന്‍റെ കല്ലുക്കെട്ട് നടക്കുകയായിരുന്നു. തൊഴിലാളികൾക്ക് നിർദ്ദേശം നൽകി മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു സതീഷ്.
പെട്ടെന്ന് സമീപത്ത് ഒരു വൻ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് താഴേയ്ക്ക് പതിക്കുകയായിരുന്നു. എല്ലാവരും ഓടി മാറാൻ ശ്രമിച്ചെങ്കിലും സതീഷ് മരക്കൊമ്പിനിടയില്‍പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.
അപകടം നടന്നതിന് പിന്നാലെ തന്നെ സതീഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരത്തിന്‍റെ ശിഖരം വയറിൽ തുളച്ച് കയറി സതീഷിന് ഗുരുതരമായ പരുക്കേറ്റിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അടിമാലി പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ് പറഞ്ഞു.
The plantation superintendent died after a tree branch broke off and fell on him while he was doing work in a cardamom orchard.
