കൊച്ചി: (piravomnews.in) ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോർട്ട് ചോദിച്ചിരുന്നു.
ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.

നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
മുമ്പ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്.
ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്.
9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ.
#Nobi #Lukas, #accused in the suicide case of #mother and #children, will have his bail #application #considered #today
