വടക്കഞ്ചേരി: (piravomnews.in) ലഹരിവസ്തുക്കള്‍ പിടികൂടാനുള്ള ശ്രമത്തിനിടെ എഎസ്ഐയെ കാറിടിപ്പിച്ച് പ്രതി രക്ഷപ്പെട്ടു. പ്രതി കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കല്‍പറമ്പ് പ്രതുലിനെ (20) ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയം കറുകച്ചാലില്‍വെച്ച് പോലീസ് പിടികൂടി.
സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ കാവശ്ശേരി പത്തനാപുരം ചേറുംകൊട് പെരിയകുളം വീട്ടില്‍ ഉവൈസിന് (46) കാലിന് സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ലൈജുവിനും പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത ചെമ്മണാംകുന്നിലാണ് സംഭവം. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉവൈസും സീനിയര്‍ പോലീസ് ഓഫീസര്‍മാരായ റിനുമോഹന്‍, ലൈജു, ബ്ലെസ്സന്‍ ജോസഫ്, അബ്ദുള്‍ ജലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ റിയാസുദ്ദീന്‍ എന്നിവര്‍ മൂന്നു ബൈക്കുകളിലായി പരിശോധനയ്ക്ക് എത്തുകയായിരുന്നു.
ഈ സമയത്ത് ഒരു കാറും ഒരു ബൈക്കും നില്‍ക്കുന്നുണ്ടായിരുന്നു. സംശയാസ്പദമായി കണ്ട കാറിലെ ഡ്രൈവറോട് പുറത്തിറങ്ങാന്‍ പറയുന്നതിനിടെ പോലീസിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ പ്രതി കാറുമായി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ, ബൈക്കില്‍ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു. വടക്കഞ്ചേരി എസ്ഐ മധുബാലകൃഷ്ണനും സംഘവും പുറകെ എത്തിയപ്പോഴേക്കും വാഹനം അതിവേഗം കടന്നുപോയി.
#Accused #escapes after #hitting #ASI with #car while trying to seize #narcotics
