തൃപ്പൂണിത്തുറ : (piravomnews.in) സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് ടൂറിസ്റ്റ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ടാങ്കർ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ഗോകുൽ (27), ഓട്ടോ ഡ്രൈവർ ഉദയംപേരൂർ മാളേകാട് സ്വദേശി ജീവൻലാൽ എന്നിവർ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റ ബസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി സിബിനും ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴം പകൽ 12.15ന് ഇരുമ്പനത്തെ പ്ലാന്റിൽനിന്ന് പെട്രോൾ നിറച്ച ടാങ്കർ ലോറി പുറത്തേക്കിറങ്ങിയപ്പോൾ കാക്കനാടുനിന്ന് വന്ന സിറ്റി ടൂർ എന്ന ബസ് അതേദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം.
ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്‌നി രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. പൊലീസ്, അഗ്‌നി രക്ഷാസേന, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കിയത്.
#Three #injured in #collision between #tourist bus and #tanker lorry
