എറണാകുളം: (piravomnews.in) 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35 വയസ്സുള്ള സ്ത്രീയുടെ പേരിൽ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയുടെ പേരിലാണ് ആലത്തൂർപോലീസ് കേസെടുത്തത്.

തിങ്കളാഴ്ച വൈകീട്ടാണ് 14 വയസ്സുള്ള വിദ്യാർഥിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിനൽകിയത്. വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്നനിലയിൽ സൗഹൃദമുള്ള സ്ത്രീയോടൊപ്പം പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം ഭാഗത്തേക്ക് ഇവർ പോയതായും മനസ്സിലാക്കി. എറണാകുളത്ത് ബസിറങ്ങിയപ്പോൾത്തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കയായിരുന്നു.
കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. പ്രായപൂർത്തിയാവാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാണ് പോക്‌സോ നിയമപ്രകാരം ഇവർക്കെതിരേ കേസെടുത്തത്. ആലത്തൂർപോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
A case has been #registered #against a 35-year-old woman for #abducting a 14-year-old boy
