കൊച്ചി : (piravomnews.in) വീടിനുസമീപം ടാങ്ക് നിർമിച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും ഇരുമ്പുവടികൊണ്ട് ആക്രമിച്ചതിന് അയൽവാസികളായ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കലൂർ സ്വദേശികളായ ദിലീപ് ഹംസ, മകൻ നിയാസ് (26) എന്നിവർക്കെതിരെ വധശ്രമം, അതിക്രമിച്ച് കടക്കൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ വകുപ്പുപ്രകാരമാണ് കേസ്.
തെരിപ്പറമ്പിൽ വീട്ടിൽ വിനീത് (54), ഭാര്യ ദീപ, മക്കളായ സെൻ, വരുൺ എന്നിവരുടെ പരാതിയിലാണ് നോർത്ത് പൊലീസ് കേസെടുത്തത്. കലൂർ–-ദേശാഭിമാനി റോഡ് കൈരളി സ്ട്രീറ്റിൽ തിങ്കൾ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വൻ പൊലീസ് സംഘം സ്ഥലത്തെത്തി.
പൊലീസ് പറയുന്നതിങ്ങിനെ:
ഒന്നാംപ്രതി ദിലീപ് ഹംസ വിനീതിന്റെ വീടിനുസമീപം ടാങ്ക് നിർമിച്ചിരുന്നു. ഇത് അനധികൃതമാണെന്നുകാട്ടി വിനീത് കൊച്ചി കോർപറേഷനിൽനിന്ന് സ്‌റ്റോപ് മെമ്മോ നേടി. ഇതിന്റെ വിരോധത്തിൽ ദിലീപ് ഹംസയും നിയാസും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
വീടിന്റെ സിറ്റൗട്ടിലിരുന്ന വിനീതിനോട് ദിലീപ് ഹംസ അസഭ്യം പറഞ്ഞു.ചോദിക്കാൻചെന്ന മകൻ സെന്നിന്റെ മുഖത്തും നെഞ്ചത്തും ഇടിച്ചു. ഇരുമ്പുവടികൊണ്ട് വിനീതിനെ ആക്രമിക്കാൻ ശ്രമിച്ചു.
പിടിച്ചുമാറ്റാൻ ശ്രമിച്ച ഇളയമകൻ വരുണിന് ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. ദീപയെ ദിലീപ് ഹംസയും നിയാസും ചേർന്ന് കഴുത്തിനുപിടിച്ച് തള്ളിയിട്ടുവെന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
#Controversy over the #tank; Case against 2 people who #attacked #neighbors with iron rod
