തിരുവനന്തപുരം: ഭരതനാട്യം വേദിയിൽ കാസർഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോൾ അമ്മ ധന്യ പ്രദീപിന്റെ മനസ് വർഷങ്ങൾ പിന്നിലേക്ക് പായുകയായിരുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് ഭരത് ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കുന്നത്. 1986 മുതൽ 1990 കാലഘട്ടങ്ങളിൽ സംസ്ഥാന കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ധന്യ പ്രദീപ്. മകന്റെ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച തന്റെ കഥകളി വേഷത്തിന്റെ ഓർമ്മകൾ പുതുക്കാൻ സാധിച്ചെന്നു ധന്യ പറഞ്ഞു.
12 വർഷമായി ബാലകൃഷ്ണൻ മഞ്ചേശ്വരത്തിന്റെ ശിക്ഷണത്തിൽ ഭരതനാട്യവും യോഗി ശർമയുടെ ശിക്ഷണത്തിൽ മൃദംഗവും അഭ്യസിച്ചുവരികയാണ് ഭരത്. ഇത്തവണ മൃദംഗം, നാടോടി നൃത്തം, ഭരതനാട്യം ഇനങ്ങളിലാണ് മത്സരിച്ചത്. കാസർഗോഡ് അകൽപ്പടി എസ് എ പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഭരത്. സഹോദരി ഭാഗ്യശ്രീയും കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭാവിയിൽ എൻജിനീയറാകണമെന്ന ആഗ്രഹത്തോടൊപ്പം കലയും കൂടെ കൂട്ടണമെന്നാണ് ഭരത്തിന്റെ ആഗ്രഹം.
Bharat Krishna filled the stage; Kathakali refreshes memories mom