തിരുവനന്തപുരം: 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതിയതായി ചേർക്കപ്പെട്ട കലാരൂപമാണ് മലപുലയാട്ടം. ഇടുക്കിയിലെ ഗോത്ര വിഭാഗത്തിനിടയിൽ പ്രശസ്തമായ ഒരു നാടൻ കലാരൂപമാണ്. ആചാരത്തിന്റെ ഭാഗമായി മാളിയമ്മൻ,കാളിയമ്മൻ,മീനാക്ഷി എന്നീ ദൈവങ്ങളുടെ പ്രീതിക്കായി നടത്തിവരുന്ന കലാരൂപമാണ്. പ്രാചീന കാലം മുതൽ ഇപ്പോഴും ഗോത്ര വിഭാഗങ്ങൾക്കിടയിൽ ദൈവപ്രീതിക്കായി ആഘോഷപൂർവ്വം ഈ കല ചെയ്തുപോരുന്നു. ഇതിനായി പ്രത്യേകം പനയോലയിൽ തയ്യാറാക്കിയ ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്. പ്രാചീനകാലത്ത് വാദ്യോപകരണമായി മദ്ദളം ഉപയോഗിച്ചിരുന്നു. കേരളത്തിലെ ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ഇത്തവണ പുതിയതായി ചേർത്തിട്ടുള്ള കലാരൂപങ്ങളാണ് മലപ്പുലയാട്ടവും, മംഗലം കളിയും, പണിയ നൃത്തവും.
മലപ്പുലയാട്ടം ആദ്യമായി കലോത്സവത്തിൽ വരികയാണെങ്കിലും ഉപജില്ലയിലും ജില്ലയിലും കടുത്ത പോരാട്ടമാണ് നേരിട്ടതെന്ന് കൊല്ലം കുണ്ടറ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപിക അനിത പറയുന്നു. ഒരു മാസം കൊണ്ടാണ് കാസർഗോഡ് സ്വദേശികളായ ഹരീഷിനെയും സനോജിനെയും സ്കൂളിൽ കൊണ്ട് വന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ഹരീഷും സനോജും നാടൻ പാട്ട് കലാകാരന്മാരാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അദ്രിത എസ്.ആർ, മെറീന ബേബി, അഞ്ജലി, അഷിമ മനോജ്, റിഹാന എസ്, അഭിമ, ശ്രേയ, ദിൽഹ ആദിത്യ, ദേവനന്ദ, ദേവി നന്ദന, നിയ എന്നിവരാണ് കുണ്ടറ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ മത്സരാർത്ഥികൾ. കഴിഞ്ഞ ദിവസം നടന്ന മംഗലം കളിയിൽ ലിറ്റിൽ ഫ്ലവർ സ്കൂളിന് എ ഗ്രേഡ് ലഭിച്ചിരുന്നു. ഹെഡ്മിസ്ട്രസ് ആയ സിസ്റ്റർ പൂർണിമയുടെ നേതൃത്വത്തിലാണ് ഇവർ കലോത്സവത്തിന് എത്തിയിരിക്കുന്നത്.
Tribal arts breathe new life into school arts festival