ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേൽ - ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്. സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയായ ലിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും, സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു.
മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ അമ്മ, ലിയയെ ക്ലാസിൽ കാണാത്തിനാൽ അധ്യാപകരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. സ്കൂൾ മാനേജർ ലിയയുടെ അച്ഛനെ ഫോണിൽ വിളിച്ച് അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് കുട്ടി മരിച്ച കാര്യം രക്ഷിതാക്കൾ അറിഞ്ഞത്. കുട്ടിയുടെ ബന്ധുക്കളും അയൽക്കാരും തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. സ്‌കൂളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
A three-year-old girl met a tragic end after falling into the school's septic tank.