കൊച്ചി : ഹൃദയം മാറ്റിവയ്‌ക്കുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയാകാൻ ഒരുങ്ങി എറണാകുളം ജനറൽ ആശുപത്രി. ഹൃദയം മാറ്റിവയ്‌ക്കാനുള്ള ലൈസൻസ് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷായ്‌ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് കൈമാറി. ആറുമാസംമുമ്പാണ് ലൈസൻസിനായി എറണാകുളം ജനറൽ ആശുപത്രി അധികൃതർ സർക്കാരിന് അപേക്ഷ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ധസംഘം ആശുപത്രിയിലെ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയശേഷമാണ് ലൈസൻസ് അനുവദിച്ചത്. രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയെന്ന ഖ്യാതി ഒരുവർഷംമുമ്പ് ലഭിച്ചിരുന്നു. 2021ൽ ആരംഭിച്ച മികച്ച ആധുനിക സൗകര്യങ്ങളുള്ള കാർഡിയോ തൊറാസിക് വിഭാഗത്തിൽ ഇതുവരെ ഹൃദയം തുറന്നുള്ള 300 ശസ്‌ത്രക്രിയകളും ഏതാണ്ട് 15,000 ആൻജിയോപ്ലാസ്‌റ്റികളും പൂർത്തിയാക്കി.
Ernakulam General Hospital is all set to become the country's first general hospital to perform heart transplants.