കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ രാഹുൽ ഗാന്ധിയെ മറികടന്ന് പ്രിയങ്ക ഗാന്ധി. 4,04,619 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്. അരങ്ങേറ്റ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക വിജയം കരസ്ഥമാക്കി. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ലീഡ് നില ഉയർത്തി മുന്നേറിയ പ്രിയങ്കയ്ക്ക് 6,12,020 വോട്ടുകളാണ് ആകെ ലഭിച്ചത്. പ്രിയങ്ക ഗാന്ധിക്ക് നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ബൂത്തുതല അവലോകനത്തിന് ശേഷം കോൺഗ്രസ് വിലയിരുത്തിയത്. ഭൂരിപക്ഷം രണ്ട് ലക്ഷത്തിൽ കുറഞ്ഞാൽ തോൽവിക്കു തുല്യമെന്ന് എതിരാളികളും നിശ്ചയിച്ചതോടെ, ഭൂരിപക്ഷക്കണക്ക് അറിയാൻ മാത്രമുള്ള മത്സരമായി വയനാട് ഉപതെരഞ്ഞെടുപ്പ് മാറുകയായിരുന്നു. 2019 ൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച രാഹുൽ ഗാന്ധിക്ക് 4,31,770 എന്ന വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. 2024 ൽ 3,64,422 ആയി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇത്തവണയും കോൺഗ്രസിന് വയനാട് വെല്ലുവിളിയായില്ല. 2019ൽ രാഹുൽ ഗാന്ധിക്ക് 706,367 വോട്ടുകളാണ് ലഭിച്ചത്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയം നേടിയതിന് ശേഷം പ്രിയങ്കയെ വയനാട് സ്ഥാനാർഥിയാക്കിയപ്പോൾ രാഹുലിന്‍റെ ഭൂരിപക്ഷം മറികടക്കാനാവുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു യുഡിഎഫിന് അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തു.
Priyanka surpasses Rahul Gandhi in Kanniyangam