മാനന്തവാടി: വെള്ളി മൂങ്ങയുടേതെന്ന് പറയ പ്പെടുന്ന കെട്ടുകഥകൾ അവയുടെ വംശനാശത്തിൽ വരെ എത്തി നിന്നപ്പോഴാണ് 1972 ൽവന്യ ജീവി സംരക്ഷണ നിയമപ്രകാരം അവയെ നാം സംരക്ഷിക്കുന്നത്. ഗുരുതരമായ കുറ്റകൃ ത്യമായതിനാൽ, ശിക്ഷ ഉറപ്പായിത്തുടങ്ങിയതിനു ശേഷം ഈ പാവം ജീവികൾ അതിക്രമത്തിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയെന്നു പറയാം. എന്നാൽ ഒരു വീട്ടിൽ വെള്ളിമൂങ്ങ കൂടൊരുക്കിയാൽ എന്താകും ഫലമെന്ന് മാനന്തവാടിക്കാർ തല പുകഞ്ഞ് ആലോചിക്കുകയാണ്. വയനാട് മാനന്തവാടി ഒഴക്കൊടിയിലെ പാലയ്ക്കാപ്പറമ്പിൽ റോബിൻ്റെ വീട്ടിലാണ് വെള്ളിമൂങ്ങ കുഞ്ഞുങ്ങളുമായി കൂടൊരുക്കിയത്. വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ അവർ കാണാറുണ്ട്. ചിലപ്പോൾ വെള്ളിമൂങ്ങക്കൂട്ടവും...! അത്ഭുതത്തോടെ ആളുകൾ വെള്ളിമൂങ്ങാ നിരീക്ഷകരായി. പ്രദേശത്ത് വെള്ളിമൂങ്ങ വരാറുള്ള കാര്യം വനം വകുപ്പിനെ അറിയിക്കാനും അവർ മറന്നില്ല. എന്നാൽ ഒരു മാസം മുമ്പ് റോബിൻ്റെ വീട്ടിലെ കിടപ്പുമുറിയിൽ ദുർഗന്ധം പരന്നത് അവരെ ആശങ്കയിലാക്കി..വീടും പറമ്പും പലതവണ വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ല. രാത്രിയിൽ നേരിയ ചീറ്റൽ ശബ്‌ദം കൂടി കേട്ട് തുടങ്ങിയതോടെ വീട്ടുകാരുടെ ഉറക്കവും പോയി. എത്ര പരതിയിട്ടും ഒന്നും കാണാതെ ആശങ്കപ്പെട്ട് നിൽക്കുമ്പോളാണ് ഒരു വെള്ളിമൂങ്ങ എലിയേയും കൊണ്ട് വീടിന്റെറെ സൺഷേഡിൻ്റെ മൂലയിലേക്ക് പറന്നുവരുന്നത് റോബിനും കുടുംബവും കാണുന്നത്. ഒരു കോണി വെച്ച് കയറി നോക്കിയപ്പോൾ കണ്ടത് വെള്ളിമൂങ്ങയേയും തൂവൽ മുളച്ചുവരുന്ന അഞ്ച് കുഞ്ഞുങ്ങളേയുമാണ്. അമ്മയും മക്കളും സുഖമായി ഭക്ഷണമെല്ലാമെടുത്ത് സുഖ താമസം..കുഞ്ഞുങ്ങൾക്ക് കഴിക്കാനായി തള്ള മൂങ്ങ കൊത്തിക്കൊണ്ടുവരുന്ന തവളയുടേയും എലിയുടേയും അവശിഷ്‌ടങ്ങളിൽ നിന്നായിരുന്നു ദുർഗന്ധം. വീടിൻ്റെ എയർഹോൾസ് അടച്ചതോടെ വീടിനകത്തെ ദുർഗന്ധം മാറി..എന്നാൽ വെള്ളിമൂങ്ങകളെ എന്തു ചെയ്യും... !
റോബിൻ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി. തീരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ അവിടെ നിന്നും മാറ്റിയാൽ ചത്തുപോകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. വെള്ളിമൂങ്ങയും കുടുംബവും തൻ്റെ വീട്ടിൽ താമസിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് റോബിൻ അറിയിച്ചതിനെ തുടർന്ന് സ്വയം പറന്നു പോകുന്നതുവരെയോ ഒരു തീരുമാനം വരുന്നത് വരയോ അവർ സുരക്ഷിതരായി അവിടെ ഇരിക്കട്ടെ എന്നാണ് റോബിനും വനം വകുപ്പും പറയുന്നത്. വെള്ളിമൂങ്ങകൾ ഏകപത്നീവ്രതക്കാരായതിനാൽ അവരുടെ പ്രജനനത്തെയും മനുഷ്യന്റെ ഇടപെടലുകൾ ബാധിക്കും. വീട്ടിലേയും പറമ്പിലേയും എലി ശല്യം വെള്ളിമൂങ്ങ വന്ന ശേഷം ഇല്ലാതായി എന്ന ആശ്വാസവും റോബിനുണ്ട്.. ഇനി ഭാഗ്യവുമായിട്ടാണോ വെള്ളിമൂങ്ങകളുടെ വരവ് എന്നറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാനന്തവാടിക്കാർ.
The silver owl came as a guest. The locals say good luck