ഹരിപ്പാട്: (piravomnews.in) തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ.
വിയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനിയാണ് (53) വിയപുരം പൊലീസിന്റെ പിടിയിലായത്. വിയപുരം പായിപ്പാട് ആറ്റുമാലിൽ വീട്ടിൽ സാറാമ്മ അലക്സാണ്ടറിന്റെ (76) സ്വർണമാണ് കവർന്നത്.
ഇവരുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 8.30ഓടെ അനി മുഖംമൂടി ധരിച്ച് എത്തി. അടുക്കളയിൽ നിന്ന ഇവരുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വർണാഭരണങ്ങൾ അപഹരിച്ചത്.
ഒരു മാലയും നാലു വളയും ഉൾപ്പെടെ എട്ടു പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ സാറാമ്മ ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ആയിരുന്നു.
പ്രതി അനിയാണോ എന്ന് സംശയം ഇവർ പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി ഈ വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു.
മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപക്ക് അനി പണയം വെച്ചു. ഈ തുകയിൽ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചു. ബാക്കി തുക പൊലീസ് കണ്ടെടുത്തു. പണയം വെച്ച സ്വർണം ഇന്ന് വീണ്ടെടുക്കും.
എസ്.ഐ. പ്രദീപ്, ജി.എസ്.ഐ മാരായ ഹരി, രാജീവ്, സി.പി. വിപിൻ, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
He #stole #gold from an #oldman who #lived #alone with a #knife on his #neck. The #accused was #arrested