തൃശൂർ : രണ്ടാം ക്ലാസുകാരി മേയ് സിതാര എഴുതിയ കഥ ഇനിമുതല്‍ മൂന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും. തൃശ്ശൂർ ജില്ലയിലെ കൊടകര ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മെയ് സിതാര എഴുതിയ പൂമ്പാറ്റുമ്മ എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം താന്‍ എഴുതിയ കഥ പഠിക്കാനുള്ള അപൂര്‍വ്വ ഭാഗ്യവും മെയ് സിതാരക്ക് എത്തിയിരിക്കുന്നു.
കൊടകര കാവനാട് സ്വദേശിയായ മെയ് സിതാര കുഞ്ഞ് കാലം മുതല്‍ പറഞ്ഞിരുന്ന കഥകളും എല്ലാം അമ്മ പാര്‍വതി കുറിച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവയെല്ലാം കൂട്ടി ചേര്‍ത്ത് പൂര്‍ണ പബ്ലിക്കേഷന്റെ സമ്മാനപ്പൊതി സീസന്‍ ഏഴില്‍ 'സുട്ടു പറഞ്ഞ കഥകള്‍' എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തിലെ ഒരു കഥയായ 'പൂമ്പാറ്റുമ'യാണ് മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മെയ് സിതാരയുടെ അമ്മ പാര്‍വതി പറഞ്ഞു. ഒരു കുട്ടി പൂമ്പാറ്റയോട് സംസാരിക്കുന്നത് കുഞ്ഞു ഭാവനയില്‍ ഉള്ളതാണ് കഥ.
തങ്ങളുടെ സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ കഥ സംസ്ഥാന സാര്‍ക്കാരിന്റെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തിയത് കൊടകര ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാന അധ്യാപിക എം.കെ ഡൈനിയും പറഞ്ഞു .ഇതേ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ പാര്‍വതിയാണ് മെയ് സിത്താരയുടെ അമ്മ. ചലചിത്ര രംഗത്തെ സൗണ്ട് എഞ്ചിനീയര്‍ അജയന്‍ അടാട്ടാണ് പിതാവ്. മെയ് സിതാരയുടെ കഥ പാഠപുസ്തകത്തില്‍ അച്ചടിച്ച് വന്നതറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.
Brothers and sisters will study the story written by the second class student in the third class Malayalam textbook.