കളമശേരി : (piravomnews.in) ഏലൂരിലെ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ ശ്രമം നടക്കുന്നതായി പ്രസിഡന്റ് സി കെ തങ്കമണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ലക്ഷം രൂപയുടെ ചിട്ടി വിളിച്ചിട്ട് പണം അടയ്‌ക്കാത്തതിന്റെ പേരിൽ ജപ്തി നടപടി നേരിടുന്ന ബിന്ദു വിനോദും മറ്റു ചിലരുംകൂടി കഴിഞ്ഞദിവസം ബാങ്കിനുമുന്നിൽ സമരനാടകവുമായി എത്തിയിരുന്നു.
രണ്ട് ലക്ഷം രൂപ സലയുള്ള ചിട്ടി ബിന്ദു 2018ൽ വിളിച്ചെടുത്തു. ചിട്ടി ആരംഭിച്ച് മൂന്നാമത്തെ മാസമാണ് വിളിച്ചെടുത്തത്. തുടർന്ന് ഏതാനും മാസം തുക സംഘത്തിലടച്ചു. പിന്നീട് അടവ് മുടങ്ങുകയായിരുന്നു. പണം അടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് നടപടികൾ സ്വീകരിച്ചു.
ഇതോടെ സംഘം സെക്രട്ടറിയും മറ്റൊരു ജീവനക്കാരിയും ചേർന്ന് തന്റെയും നാല് ജാമ്യക്കാരുടെയും വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തെന്ന് കാണിച്ച് ബിന്ദു പൊലീസ്, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് എന്നിവർക്ക് പരാതി നൽകി.
ബിന്ദുവിന്റെ മകൾ ആതിര, സുബൈദ, ശശികല, ശ്യാമള എന്നിവരെ ജാമ്യക്കാരാക്കി വ്യാജ ഒപ്പിട്ടെന്നായിരുന്നു പരാതി. എന്നാൽ, ശശികല വാദത്തിൽനിന്ന് പിന്മാറി. താൻ ബിന്ദുവിനുവേണ്ടി ജാമ്യപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ബിന്ദുവിൽനിന്ന് തുക ഈടാക്കി ബാധ്യതയിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും ശശികല നിലപാടെടുത്തു.
സഹകരണ ഉദ്യോഗസ്ഥരും ആർബിട്രേറ്ററും സംഘം ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ബിന്ദുവിന്റെ പരാതി തള്ളി. തുടർന്ന് ബിന്ദുവിന്റെയും ജാമ്യക്കാരുടെയും സ്വത്തുക്കളിൽനിന്ന് തുക ഈടാക്കാൻ വിധിച്ചു.
ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുമായി ബിന്ദുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബാങ്കിനുമുന്നിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
ചുരുങ്ങിയ പ്രവർത്തനകാലംകൊണ്ട് ആർജിച്ച നേട്ടങ്ങളെ താറടിച്ചുകാണിക്കാനുള്ള നീക്കമാണ് ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ അരങ്ങേറുന്നതെന്നും സംസ്ഥാന സഹകരണ വാരാഘോഷ ഉദ്ഘാടന ദിവസംതന്നെ പ്രതിഷേധത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ടെന്നും സി കെ തങ്കമണി പറഞ്ഞു.
ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, ബാങ്ക് വൈസ് പ്രസിഡന്റ് കെ ഇന്ദിര, ബോർഡ് അംഗം സി പി ഉഷ എന്നിവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
A #move to #break up the #Elur #Women's #Welfare #Co-operative #Society