പിറവം : (piravomnews.in) കെഎസ്ആർടിസി ഡിപ്പോയിലെ ബസുകളുടെ കാലപ്പഴക്കം മൂലം സർവീസ് മുടങ്ങുന്നുവെന്ന പരാതിക്കിടെ 15 വർഷത്തോളം പഴക്കമുള്ള ബസിന്റെ മുൻവശത്തെ ചില്ല് ഓട്ടത്തിനിടെ തകർന്നു വീണു.
പാലായിൽ നിന്നു വൈറ്റിലയിലേക്കു പോവുകയായിരുന്ന ചെയിൻ സർവീസ് ബസിന്റെ ചില്ലാണ് ഇന്നലെ രാവിലെ അടർന്നു വീണത്. കൈയിൽ ചില്ലു കയറി പരുക്കേറ്റ ഡ്രൈവർ സി.ശിവൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ഗ്ലാസ് ഉറപ്പിക്കുന്ന റബർ ആവരണത്തിനുണ്ടായ തകരാറാണു ചില്ല് ഇളകാൻ കാരണമെന്നാണു വിവരം. സ്ഥല സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ 2മത്തെ ഡിപ്പോയാണു പിറവം. എന്നാൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിൽ പിന്നാക്കവുമാണ്.
മറ്റു ഡിപ്പോകളിൽ നിന്നു വിട്ടു കിട്ടിയ ബസുകളാണ് ഉള്ളവയിൽ ഭൂരിഭാഗവും. ഇവയിൽ തന്നെ പ്രവർത്തന ക്ഷമത ഏറിയ ബസുകൾ പിന്നീടും മറ്റിടങ്ങളിലേക്കു കൊണ്ടുപോയി. ഇതോടെ ഇവിടെ നിന്നുള്ള ബസുകൾ പലപ്പോഴും സർവീസിനിടെ തകരാറാകുന്നതും പതിവാണ്.
പിറവത്തു നിന്നു ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ കയറ്റിറക്കങ്ങൾ കുറവാണെന്നതാണു ബസ് പിൻവലിക്കുന്നതിനു കാരണമായി പറഞ്ഞത്. തുടക്കത്തിൽ 58 ബസുകൾ ഉണ്ടായിരുന്നുവെങ്കിൽ അപ്പോൾ 35 ആയി ചുരുങ്ങി.
അയയ്ക്കുന്ന സർവീസുകളുടെ എണ്ണവും താഴ്ന്നു. ബെംഗളൂരു, സുൽത്താൻ ബത്തേരി തുടങ്ങിയ ദീർഘദൂര സർവീസുകളുൾപ്പെടെ നിലച്ചവയുടെ പട്ടികയിൽ ഉണ്ട്.
The #window of the #KSRTC bus #broke down while #running