പിറവം : (piravomnews.in) പരസ്പരം ആരോപണമുന്നയിച്ചും വെല്ലുവിളിച്ചും പാമ്പാക്കുട പഞ്ചായത്തിലെ യുഡിഎഫിൽ അങ്കം മുറുകുന്നു.
തിങ്കളാഴ്ച സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ജേക്കബ് വിഭാഗം ഔദ്യോഗിക സ്ഥാനാർഥി തോറ്റു. മൂന്നാം വാർഡ് അംഗം കോൺഗ്രസിലെ റീനാമ്മ എബ്രഹാം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ് തമ്മിലടിമൂലം രാജിവച്ച മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ നാരായണൻകുട്ടിയാണ് തോറ്റത്. ഇതോടെ ജേക്കബ് വിഭാഗത്തിന് പഞ്ചായത്ത് ഭരണത്തിൽ പദവിയില്ലാതായി. സ്ഥിരംസമിതി അധ്യക്ഷ ശ്യാമള പ്രസാദ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
സ്ഥിരംസമിതി അധ്യക്ഷനായെങ്കിലും പരിഗണിക്കണമെന്ന 12–-ാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ ജിനു സി ചാണ്ടിയുടെ അഭ്യർഥനയും നേതൃത്വം പരിഗണിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം വേണമെന്ന് സമ്മർദം ശക്തമാക്കി ജിനു പരസ്യപ്രതികരണം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഷേധം കടുപ്പിച്ച് ജേക്കബ് വിഭാഗത്തിലെ മറ്റൊരംഗംഫിലിപ്പ് ഇരട്ടിയാനിക്കൽ വികസന കാര്യസമിതിയിൽനിന്ന് രാജിവച്ചു.
ജോസഫ് ഗ്രൂപ്പിലെ രൂപ രാജു വിദ്യാഭ്യാസ സമിതി അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്. വികസനസമിതി അധ്യക്ഷസ്ഥാനമാണ് രൂപ രാജു ചോദിക്കുന്നത്. ഒഴിവുകൾ നികത്താൻ നവംബർ 11ന് തെരഞ്ഞെടുപ്പ് നടക്കും.
#UDF #tightens #grip on #Pampakuda #panchayat