കൊച്ചി : (piravomnews.in) സ്വകാര്യ ബസിൽ യാത്രക്കാരെ ശല്യപ്പെടുത്തുകയും കണ്ടക്ടറെ മർദിക്കുകയും ചെയ്‌ത സംഘത്തിലെ മൂന്നുപേർകൂടി പിടിയിൽ.
മണിയന്തറ എം എസ് സനീഷ് (29), ചേരാനല്ലൂർ കച്ചേരിപ്പടി വാരിയത്ത് അരുൾ സെബാസ്റ്റ്യൻ (25), ചേരാനല്ലൂർ കുന്നുംപുറം പടിപ്പുരക്കൽ പി ജെ ജിതീഷ് (27) എന്നിവരാണ് പിടിയിലായത്.
ആക്രമണശേഷം ഇവർ വട്ടവടയിലേക്ക് കടന്നു. അവിടെനിന്ന് പ്രതികളിലൊരാളുടെ ബന്ധുവിന്റെ പറവൂരിലെ വീട്ടിലേക്ക് വരികയായിരുന്നു. ഇത് മനസ്സിലാക്കിയ പൊലീസ് അവിടെ എത്തി ഇവരെ പിടികൂടുകയായിരുന്നു. പുതുവൈപ്പ് സ്വദേശി ജോബി (30), കാക്കനാട് സ്വദേശി സി എസ് ഷാജി (27) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കാക്കനാട്–-തോപ്പുംപടി റൂട്ടിലോടുന്ന ബസിൽ കയറിയ യുവാക്കൾ ബസിലിരുന്ന് പുകവലിക്കുകയും സ്‌ത്രീയാത്രക്കാരെ ശല്യപ്പെടുത്തുകയുമായിരുന്നു. ഇത് ചോദ്യംചെയ്‌ത കണ്ടക്ടർ രഞ്ജിത്തിനെ മർദിച്ചു.
തുടർന്ന് ഡ്രൈവർ സെൻട്രൽ പൊലീസ് സ്‌റ്റേഷനിലേക്ക് ബസ് ഓടിച്ചു. സ്‌റ്റേഷനിലെത്തിയ ഉടൻ അക്രമികൾ ബസിൽനിന്ന് കടന്നുകളയുകയായിരുന്നു. ജോബിയെയും ഷാജിയെയും പൊലീസ് പിന്തുടർന്ന് പിടികൂടി. അറസ്റ്റിലായവരെ റിമാൻഡ് ചെയ്‌തു.
#Bus #attack: 3 more #arrested