---
title: "#DreamlandPark | ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു"
english_title: "#Stupas and #sculptures in #DreamlandPark were #damaged by #fallen #trees"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237188/stupas-and-sculptures-in-dreamlandpark-were-damaged-by-fallen-trees"
published_at: "2024-09-22T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ef9d3ac37bf_park.jpg"
keywords: []
---

# #DreamlandPark | ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു

> **Lead Summary:** മൂവാറ്റുപുഴ : നഗരസഭയുടെ കീഴിലുള്ള ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു. 

## Article Content

മൂവാറ്റുപുഴ : നഗരസഭയുടെ കീഴിലുള്ള ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു. 

പാർക്കിലേക്കു പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ കളി ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു കിടക്കുകയാണ്. ഇതിനിടയിലാണ് അവഗണന മൂലം മരങ്ങൾ വീണു സ്തൂപങ്ങൾ ശിൽപങ്ങളും തകർന്നിരിക്കുന്നത്.

ശിൽപങ്ങളുടെ തല ഉൾപ്പെടെ രണ്ടായി പിളർന്നു താഴെ വീണു.പാർക്കിലെ പകുതിയോളം വിളക്കുകൾ കേടായി കിടക്കുകയാണ്. വലിയ പ്രഖ്യാപനങ്ങളോടെ തുടക്കമിട്ട ബട്ടർ ഫ്ലൈ പാർക്ക് നിർമാണം സാമ്പത്തിക പരാധീനത പറഞ്ഞു വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ ഭൂരിപക്ഷവും ഉപയോഗ ശൂന്യമായി മാറുന്ന സ്ഥിതിയിലാണ്. എല്ലാ വർഷവും ഇവിടെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമാണ പ്രവർത്തനങ്ങൾ നടക്കാറുണ്ട്. ചെലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ ഇവിടെ കാണാറില്ല എന്നു പരാതിയും ഉയരാറുണ്ട്.

പുതിയ ഭരണസമിതി വന്നതിനു ശേഷം 5 ലക്ഷം രൂപ ചെലവഴിച്ച് പാർക്കിൽ പെയിന്റിങ് ജോലികളും മറ്റും നടത്തിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായി ഡ്രീം ലാൻഡ് പാർക്കിന്റെ നവീകരണത്തിനു വേണ്ടി 5 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അതിനാലാണു മറ്റു പ്രവർത്തനങ്ങൾ നടക്കാത്തതെന്നും കൗൺസിലർ ജോയ്സ് മേരി ആന്റണി പറഞ്ഞു.

തകർന്നു കിടക്കുന്ന പാർക്ക് നവീകരിച്ച് നഗരവാസികൾക്കു തുറന്നു കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലിയുടെ നേതൃത്വത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.

നിലവിൽ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും വിദ്യാർഥികളെ എത്തിച്ചു പലവിധത്തിൽ ചൂഷണം ചെയ്യുന്ന സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയെന്നും മൂവാറ്റുപുഴ പൗരസമിതി നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237188/stupas-and-sculptures-in-dreamlandpark-were-damaged-by-fallen-trees)