കഥ... അതുതാനല്ലയോ ഇത്?

പ്രശാന്തൻ ജോലിചെയ്യുന്ന കമ്പനിയിൽ പുതുതായി ജോലിക്കുവന്നതാണ് ബിനുക്കുട്ടൻ. വൈകാതെ രണ്ടുപേരും ഉറ്റസുഹൃത്തുക്കളായി. ബിനുക്കുട്ടൻ കവിതയെഴുതുന്നയാളും പ്രശാന്തൻ അതു വായിക്കാനും കേൾക്കാനും ഇഷ്ടമുള്ളയാളും ആയതാവാം കാരണം. ഒരു ദിവസം ഉച്ചയൂണുകഴിഞ്ഞു വിശ്രമിക്കുമ്പോൾ ബിനുക്കുട്ടൻ മനസ്സു തുറന്നു. "ഞാൻ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു. ഇടയ്ക്കൊക്കെ അവൾ ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയി നിൽക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങും. ഞങ്ങളൊന്നിച്ച് പല സ്ഥലത്തും ടൂറു പോകും.
അവളെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും എൻ്റെ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നതുകൊണ്ട് ഗൾഫിൽ പോയി കുറച്ചു കാശുണ്ടാക്കിയിട്ടു വന്ന് കല്യാണം ആലോചിക്കാമെന്നുവച്ചു. ഞാൻ ഗൾഫിൽ പോയി ആറേഴു മാസം കഴിഞ്ഞപ്പോൾ ഒരു കൂട്ടുകാരൻ വിളിച്ചുപറഞ്ഞു അവളെ ഏതോ കോന്തൻ കെട്ടിക്കൊണ്ടുപോയെന്ന്. ഞാൻ അവളുടെ നമ്പരിൽ വിളിച്ചപ്പോൾ ഈ നമ്പർ നിലവിലില്ലെന്നായിരുന്നു മറുപടി." ബിനുക്കുട്ടൻ്റെ കണ്ണു നിറഞ്ഞതുകണ്ട് വിഷയം മാറ്റാൻ പ്രശാന്തൻ പറഞ്ഞു." വൈകുന്നേരം എൻ്റെ വീട്ടിലേക്കുവാ.നാളെ രാവിലെ നമുക്കൊരുമിച്ചിങ്ങോട്ടു പോരാം. ഇന്നു വരില്ലെന്ന് അച്ഛനോടു വിളിച്ചു പറഞ്ഞാ മതി." ബിനുക്കുട്ടൻ സമ്മതിച്ചു. "ബൈക്ക് വർക്ക്ഷോപ്പിലായതുകൊണ്ട് ബസ്സിനു പോകാം" പ്രശാന്തൻ പറഞ്ഞു. വൈക്കുന്നേരം അവർ ബസ്സിൽനിന്നിറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയിൽ പ്രശാന്തൻ പറഞ്ഞു. " ഉപമയും ഉൽപ്രേക്ഷയുമെല്ലാം ചേർത്ത് ബിനുക്കുട്ടൻ എഴുതുന്ന കവിതകൾ വായിക്കാൻ നല്ല രസമാണ് ." "ഞാൻ കവിതയെഴുത്തുകാരനായതുകൊണ്ട് അവളെ മറക്കാൻ എത്ര ശ്രമിച്ചാലും എനിക്കു കഴിയുന്നില്ല." "അതെന്താ?" "അവളുടെ പേരു കവിതയെന്നാ " " ങ്‌ഹേ........!" "എന്താ ഞെട്ടിയത്?" "അല്ല എൻ്റെ ഭാര്യയുടെ പേരും കവിതയെന്നാ " അതും പറഞ്ഞ് അവർ മുറ്റത്തേക്കു കയറിയപ്പോൾ ഉമ്മറത്തേക്കിറങ്ങിവന്ന കവിത കുഴിനഖമുള്ള കാൽവിരൽ കല്ലിൽ തട്ടിയാലെന്നപോലെ തരിച്ചുനിന്നുപോയി. അതു കണ്ട ബിനുക്കുട്ടനും തൂണുപോലെ നിന്നു. ഇരുവരെയും മാറി മാറി നോക്കിയ പ്രശാന്തൻ ഒന്നും മനസ്സിലാകാഞ്ഞിട്ടോ എല്ലാം മനസ്സിലായിട്ടോ എന്നറിയില്ല നിലത്തേക്കു കുത്തിയിരുന്നു.
രചന.. ജോർജുകുട്ടി താവളം
story athuthanallo ethu
