കഥ;മഞ്ഞ മഫിൻ

കഥ;മഞ്ഞ മഫിൻ
Jul 17, 2024 06:23 PM | By mahesh piravom

ചെറുകഥ..  മഞ്ഞ മഫിൻ

ചില്ലലമാരയുടെ വാതിൽ അവൾ സൂക്ഷ്മതയോടെ തുറന്നു .ചക്ക ഉപ്പേരിയുടെ പ്ലാസ്റ്റിക് ജാർ വല്ലാത്തൊരു വേവലാതിയോടെ തുറന്ന് കൈനിറച്ച് വാരിയെടുത്ത് പാത്രം യഥാസ്ഥാനത്ത് വച്ചുതിരിഞ്ഞ അവൾ കണ്ടത് കാപ്പി വടിയുമായി അലീന ചേച്ചി തൊട്ടുമുന്നിൽ നിൽക്കുന്നതാണ്. അവളുടെ തൊണ്ടയിലെ വെള്ളം വറ്റി. ഒറ്റ നിമിഷംകൊണ്ട് രക്ഷപെടാൻ ശ്രമിക്കുന്ന പൂച്ച കുഞ്ഞിനെ പിടിച്ചുനിർത്തുന്ന ലാഘവത്തോടെ അവളുടെ കൈത്തണ്ടയിൽ പിടിച്ച ചേച്ചിയുടെ കൈ വിടുവിക്കാൻ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്തിക്കൊണ്ട് ചേച്ചി കൊടുത്ത കാപ്പിപ്രഹരം അവളിൽ നിലവിളിയായി. "മിണ്ടരുത് നീ. ആരോടു ചോദിച്ചിട്ടാ നീയിതെടുത്തത് ? ഇവിടെത്താ ." ബലമായി തുറന്ന കൈക്കുള്ളിലെ ഉപ്പേരി കഷ്ണങ്ങൾ തട്ടിപ്പറിക്കുന്ന ചേച്ചിയുടെ കണ്ണിലേക്കവൾ രൂക്ഷമായി നോക്കി. "നോക്കി പേടിപ്പിക്കുന്നോ?കള്ളി" "ഓ ! നിങ്ങൾ രണ്ടാൾക്കും എപ്പോഴും വഴക്കുണ്ടാക്കാനേ നേരമുള്ളോ?" ബഹളം കേട്ടോടിവന്ന അമ്മയുടെ നേർക്ക് തിരിഞ്ഞു അലീന. "അമ്മ മിണ്ടരുത്. അമ്മ ഒറ്റയൊരാളാണിവളെ ഇങ്ങനെ വഷളാക്കിയത്. അതെങ്ങനെയാ വീട്ടിലെ ഇളയ സന്താനമാണെന്ന് പറഞ്ഞുകൊഞ്ചിച്ചുവച്ചിരിക്കുകയല്ലേ?." " മോളെ നീ ഒന്നടങ്ങ് നിൻ്റെ അനുജത്തിയല്ലേ?." എളിയിൽ കൈകുത്തി നിൽക്കുന്ന മകളുടെ ഭാവം കണ്ടപ്പോൾ ആ കാപ്പിവടി തന്റെമേൽ വീഴുമോയെന്നവർ ഒരു നിമിഷം ശങ്കിച്ചു. അമ്മയ്ക്കുനേരെ തിരിഞ്ഞ അലീന ചേച്ചിയെ മറികടന്ന് വീടിൻ്റെ പിന്നാമ്പുറത്തെ അരപ്പടിയിലിരുന്ന ലിയ കാൽ നീട്ടി വെച്ച് കാപ്പി വടിയേൽപ്പിച്ച ചെമന്ന തിണർപ്പുകളിൽ മെല്ലെയൂതുമ്പോൾ, ചേച്ചിയെന്താ എപ്പോഴും ഇങ്ങനെയെന്നവൾ ചിന്തിച്ചു.വീട്ടിൽ എന്തുണ്ടാക്കിയാലും തരില്ല. അമ്മയ്ക്ക് ചേച്ചിയെ പേടിയാണോ?.എല്ലാവരും ഉറക്കം പിടിച്ച ആ രാത്രിയുടെ നിശബ്ദതയിൽ ലിയ എഴുന്നേറ്റിരുന്ന് ഇരുട്ടിലേക്ക് തുറിച്ചുനോക്കി.മെല്ലെ മെത്തയുടെ അടിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഇല്ലെൻ്റെടുത്ത് ലൈറ്റിടാതെ കത്തിച്ചുവച്ച മെഴുകുതിരി വെട്ടത്തിൽ എഴുതാനാരംഭിച്ചു. പ്രിയപ്പെട്ട ദിവ്യ, നിനക്കു സുഖമല്ലേ?.എനിക്കിനി വയ്യ.സ്വന്തം വീട്ടിൽ അടിമയെപ്പോലെ..ചേച്ചിയുടെ ക്രൂരതകൾ വല്ലാതെ വർദ്ധിച്ചിരിക്കുന്നു. അമ്മ ഒന്നുമറിയാത്തമട്ടിൽ നടക്കും. ഏഴുമണിക്ക് കടയിലേക്ക് പോകുന്ന പപ്പ വീട്ടിൽ നടക്കുന്നതൊന്നുമറിയുന്നില്ല. പപ്പായോട് എന്തെങ്കിലും പറയാൻ എനിയ്ക്കുപേടിയാണ്. കാരണം ഞാൻ പ്രീഡിഗ്രി കഷ്ടി പാസല്ലേ?. ചേച്ചിയാണെങ്കിൽ ഫസ്റ്റ് ക്ലാസിൽ പാസായി ബികോം കഴിഞ്ഞ് അടുത്തുള്ള നഴ്സറി സ്കൂളിൽ ടീച്ചറായിട്ട് പോകുന്നുണ്ട്. ചേച്ചിക്കവധിയാണെങ്കിൽ അന്നെൻ്റെ കഷ്ടകാലമെന്നു പറയാം. കരിപിടിച്ച പാത്രങ്ങളെല്ലാം ഞാൻ തന്നെ കഴുകണം.നെയിൽപോളിഷിട്ട ചേച്ചിയുടെ കൈകളിൽ അഴുക്കുപുരണ്ടാൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ നാണക്കേടാണത്രേ. പപ്പ എന്നോടിപ്പോൾ സംസാരിക്കാറില്ല.അലൻചേട്ടന് മദ്രാസിൽ ജോലി സ്ഥിരമായിയെന്ന് പപ്പ അമ്മയോട് പറയുന്നതുകേട്ടു. ചേട്ടൻ എഴുതുന്ന കത്തുകളിൽ ഇപ്പോഴെന്നെക്കുറിച്ചൊന്നും ചോദിക്കാറില്ല. അമ്മയ്ക്ക് ചേച്ചിയോടുള്ള ഇഷ്ടം എന്നോടില്ല. ഞാൻ മൂന്നാമനായി ഇവിടെ ജനിച്ചത് എൻ്റെ കുറ്റമാണോ?. നിനക്കറിയുമോ ദിവ്യ, കഴിഞ്ഞദിവസം ഒരു വൈകുന്നേരം ചേച്ചി ജോലികഴിഞ്ഞു വന്നതേ ബാഗ് പെട്ടെന്നൊളിപ്പിച്ചു. ചേച്ചി കുളിക്കാൻ പോയ സമയം നോക്കി ബാഗ് കണ്ടുപിടിച്ച് തുറന്നു നോക്കിയ ഞാനത്ഭുതപ്പെട്ടു ഹോ! നല്ല മഞ്ഞ നിറമുള്ള മഫിനുകൾ! പിന്നെയൊന്നുമാലോചിക്കാതെ പെട്ടെന്നാ മഫിനുകൾ ഞാൻ കഴിച്ചു തീർത്തു.കുളികഴിഞ്ഞുവന്ന ചേച്ചിക്ക് അമ്മ പാൽ ചായ കൊടുത്തു.എനിയ്ക്കു കട്ടൻ ചായ തന്ന അമ്മയ്ക്കതിനൊരു കാരണമുണ്ടായിരുന്നു. ചേച്ചി ജോലിക്കുപോയി മടുത്തു വരുന്ന ആളാണ്. അന്നെനിയ്ക്ക് കട്ടൻ ചായയോടത്ര താല്പര്യം തോന്നിയില്ല.കാരണം നാവിലലിഞ്ഞു ചേർന്ന മഫിനുകളുടെ രുചി എന്നെ വിട്ടു പോയിരുന്നില്ല .ചായകുടി കഴിഞ്ഞ് പതിവുപോലെ ചേച്ചി മുറിയിൽ കയറി വാതിലടയ്ക്കുന്നത് ഞാൻ നോക്കി നിന്നു. അൽപനേരം കഴിഞ്ഞ് വാതിൽ തുറന്നുപുറത്തിറങ്ങിയ ചേച്ചിയുടെ മുഖം ദേഷ്യം കൊണ്ട് ചെമന്നിരിക്കുന്നതു ഞാൻ കണ്ടു. അടുത്ത ദിവസങ്ങളിലേ വൈകുന്നേരങ്ങളിൽ ഇതാവർത്തിച്ചു. ചേച്ചി തനിച്ച് രുചികരങ്ങളായ സാധനങ്ങൾ കൊണ്ടുവന്നു കഴിക്കുന്നത് എനിക്ക് അമ്മയോടു പറയണമെന്നുണ്ട് . പപ്പായോട് പറയാൻ ഞാൻ പലതവണ ശ്രമിച്ചു.പക്ഷേ സാധിച്ചില്ല.ഒരാഴ്ച കഴിഞ്ഞപ്പോൾ ചേച്ചിയുടെ ക്ഷമ കെട്ടു. എന്നെ കൈയോടെ പിടിക്കാനുള്ള ചേച്ചിയുടെ പരിശ്രമം വിഫലമായി.ക്രുദ്ധയായ ചേച്ചിയെ നോക്കി മൂളിപ്പാട്ടുപാടി രസിച്ച എനിക്ക് വരാനിരിക്കുന്ന വിപത്തിനെ പറ്റി ഒരു നിശ്ചയവുമില്ലായിരുന്നുദിവ്യ.അന്നൊരുച്ചനേരം. ഞായറാഴ്ചയായിരുന്നതുകൊണ്ട് പപ്പ വീട്ടി ലുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഉമ്മറത്തെ കസേരയിലിരുന്ന് 'മോളെ ലിയ' എന്ന പപ്പയുടെ വിളി കേട്ടുഞാനോടിച്ചെന്നു. "മോളെ ചേച്ചിക്കൊരു അനുസരണക്കേട്.ഒരു വടി വെട്ടിക്കൊണ്ടുവാ". എനിക്ക് സന്തോഷമായി ദിവ്യ. ഞാൻ കാപ്പിവടി വെട്ടാനാ പോയത് .പക്ഷേ തൊട്ടടുത്തുനിന്ന പുളിമരം ഞാനപ്പോഴാണ് കണ്ടത്.എനിക്കിത്രയും നാൾ കിട്ടിയ വഴക്ക്, അടി എല്ലാം പലിശയോടെ ചേച്ചിക്കിന്നു കിട്ടുമെന്നത് എന്നെ ചെറുതായല്ല സന്തോഷിപ്പിച്ചത്. ഞാൻ കൊണ്ടുചെന്ന പുളി വടി പപ്പായെ ഏൽപ്പിച്ച അടുത്ത നിമിഷമെന്താണു സംഭവിച്ചതെന്നെനിക്കറിയില്ല ദിവ്യ.പപ്പ അതുകൊണ്ടെന്നെ പൊതിരെത്തല്ലി .വേദനകൊണ്ടു പുളഞ്ഞ മൃഗത്തെപ്പോലെ ഞാൻ പപ്പയെ എതിർത്തു.വിഫലമായ എൻ്റെ ശ്രമത്തിനൊടുവിൽ ഞാൻ വാവിട്ടുനിലവിളിച്ചു. അയൽപക്കമുണർന്നു.

ഉച്ചനേരം പതിവില്ലാതെ അടുത്ത വീട്ടിൽ നിന്ന്കേട്ട ഒച്ചപ്പാടും നിലവിളിയും കേട്ടു ചിലർ വീടിനു പുറത്തേയ്ക്ക് വന്നെത്തിനോക്കി.മേപ്പിലശ്ശേരിയിലെ കാർത്യാനി ചേച്ചി വന്ന് പപ്പയെ പിടിച്ചു മാറ്റി. കാർത്യാനി ചേച്ചിയോട് പപ്പ പറയുന്നതു കേട്ട് ഞാൻ പെട്ടെന്ന് നിശ്ചലയായി. പിന്നീടു വീണ അടികൾ എൻ്റെ ദേഹത്തല്ല വീണത് മനസ്സിലേക്കായിരുന്നു. ആ അടികൾ ഞാൻ തടഞ്ഞില്ല. കാരണം....നഴ്സറി കുട്ടികളുടെ ഫീസ്കളക്ഷൻ ചേച്ചീടെ കയ്യിലായിരുന്നത്രെ! ആ വലിയ തുക ഞാനാണത്രേ മോഷ്ടിച്ചത് !! കാർത്യാനി ചേച്ചി എന്നെ രൂക്ഷമായി നോക്കി. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അയൽപക്കത്തലകൾ ഒന്നൊന്നായി അപ്രത്യക്ഷമാകുന്നത്,കണ്ണീർപാടയിൽ അവ്യക്തമായി കണ്ട ഞാൻ, പപ്പ അടി നിറുത്തിയതറി യാതെ നിന്നു. എൻ്റെ കണ്ണിൽനിന്നടർന്നു വീണ കണ്ണുനീരിൽ മഫിൻ്റെ രുചിമാഞ്ഞു. വേച്ചുവേച്ച് മുറിയിലേക്ക് നടന്ന ഞാൻ വീടിൻ്റെ വരാന്തയുടെ അങ്ങേയറ്റത്തിരുന്ന് ഒന്നുമറിയാത്തപോലെ കായ് നുറുക്കുന്ന അമ്മയെ കണ്ടു. നടുമുറിയുടെ വാതിൽ പ്പടിയിൽ കൈകെട്ടി നിൽക്കുന്ന ചേച്ചിയെ കടന്നുപോകുമ്പോൾ എനിയ്ക്കുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചേച്ചി പറഞ്ഞു. "എനിക്കറിയാമെടി നീ പൈസ എടുത്തിട്ടില്ലെന്ന്. എടുത്തത് കപ്പ് കേക്കാണെന്ന് പറഞ്ഞാൽ നിനക്ക് ഇത്രയും അടി കിട്ടില്ല." അതേ, ഞാൻ വലിയ കുറ്റക്കാരിയായി ദിവ്യ .ഇവിടെ മിടുക്കരായ രണ്ട് മക്കളേ ഉള്ളൂ....ഞാൻ... ഞാൻ...എനിക്കൊരു ജോലി.. ദിവ്യ നീ ജോലി ചെയ്യുന്ന ഗാർമെൻസിൽ.... എന്തു ജോലിയായാലും കുഴപ്പമില്ല. എന്ന് കൂട്ടുകാരി ലിയ ബാംഗ്ലൂർ വിവേക് നഗറിലെ 'സ്കൈബ്ലു'ഫ്ലാറ്റിൻ്റെ ജനാല പടിയിൽ തുറന്ന പടിയിരുന്ന ആ കത്തിലെ ഉള്ളടക്കം പേറി ദിവ്യ എന്ന പെൺകുട്ടി, ജോഹാനാ ഗാർമെൻറ്സിലെ ബോസിന്റെ കാബിനീലേക്ക് പോയത് ലിയ എന്ന കൂട്ടുകാരിയ്ക്കു വേണ്ടിയായിരുന്നു. അവളുടെ കയ്യിലപ്പോൾ ലിയയ്ക്കുവേണ്ടി പൂരിപ്പിച്ച ഒരു ഫോറം ഉണ്ടായിരുന്നു. കാലം ഒരു തികഞ്ഞ പോരാളിയെപ്പോലെ കുതിച്ചുപാഞ്ഞു. സുന്ദരിയായ ബാംഗ്ലൂർ നഗരത്തിൽ വസന്തം വഴിമാറി ഹേമന്തം വിരുന്നു വന്നു. പ്രീഡിഗ്രി ക്ലാസ്സിൽ ഒരേ ബഞ്ചിലിരുന്നു പഠിച്ച്, സങ്കടങ്ങൾ പങ്കുവെച്ച ആ ആത്മ സൗഹൃദം പിന്നീട് ഒരേ കമ്പനിയിൽ ജോലിചെയ്യേണ്ടി വന്നത് കാലത്തിൻ്റെ ചില രസക്കൂട്ടുകൾ എന്നല്ലാതെ എന്തു പറയാൻ. നാട്ടിലെ ഓണവും ക്രിസ്തുമസും മറക്കാൻ ബാംഗ്ലൂർ നഗരം അവളെ പ്രേരിപ്പിച്ചു. കൂടെ കുടിച്ചു തീർത്ത കണ്ണീരിന്റെ ഉപ്പുരസവും. ശമ്പളം വീട്ടിലേക്കയച്ചു തുടങ്ങിയപ്പോൾ സ്നേഹാമൃത് പൊതിഞ്ഞ ഇല്ലെന്റുകൾ അവളെ തേടിയെത്തി. മദ്രാസിൽ ജോലിയ്ക്കു പോയ അലൻ ചേട്ടൻ ഒരു ഹൈദ്രാബാദി പെൺകുട്ടിയെ വിവാഹം കഴിച്ചവിടെ സെറ്റിലായ വാർത്ത പപ്പയെത്തേടിയെത്തിയതിനു ശേഷമാണ് അവൾക്ക് പപ്പായുടെ കത്തുകൾ വരാൻ തുടങ്ങിയത്. അലീന ചേച്ചിയുടെ വിവാഹമാണ് നാട്ടിൽലെത്തണമെന്ന പപ്പയുടെ കത്തു വായിച്ചപ്പോൾ നാട്ടിലൊന്നു പോകണമെന്നവൾക്കുതോന്നി. ശിവാജി നഗറിലെ തെരുവീഥിയിലൂടെ മാതാ കോവിൽ കടന്ന് വാങ്ങിക്കൂട്ടിയ സാധനങ്ങളുമായി നാട്ടിലേക്ക് പുറപ്പെടുമ്പോൾ, വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു വലിയ ബോക്സിലേക്ക് നോക്കി 'ഇതെന്താണെന്ന് ' ചോദിച്ച ദിവ്യയോട് അത് ചേച്ചിക്കുള്ള സമ്മാനമാണെന്ന് പറയുമ്പോൾ ലിയയുടെ കണ്ണുകളിലെ നനവ് ദിവ്യ കണ്ടതുമില്ല. മനോഹരമായ ദേവാലയത്തിന്റെ അൾത്താരയ്ക്ക് മുന്നിൽ, ഭക്തിസാന്ദ്രമായ മനോഹര ഗാനങ്ങൾക്ക് നടുവിൽ വിവാഹമെന്ന മംഗള കർമ്മം നടക്കവേ ഓർമ്മയുടെ അങ്ങേ അറ്റത്ത് മൂന്നാമതായി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്. എണ്ണ ധാരാളം തേച്ചുപിടിപ്പിച്ച് ഒട്ടിപ്പിടിച്ച മുടിയുമായി അലക്കി നരച്ച പാവാട ധരിച്ച് ശൂന്യമായ കൈത്തണ്ടകൾ കൂപ്പി വിളറിയ മുഖത്തോടെ ആത്മവിശ്വാസമൊട്ടുമില്ലാതെ തല ലേശം കുനിച്ചു നിന്ന് കുർബാന കാണുന്നവൾ..തല ചെറുതായൊന്നു കുടഞ്ഞ് അവൾ സ്വയമൊന്നുനോക്കി. ആ വിളറിയ പെൺകുട്ടിയുടെ പുഷ്ടി പ്രാപിച്ച കൈത്തണ്ടയിൽ കനം കൂടിയ രണ്ട് തങ്ക വളകൾ. വെളുത്ത കൈവിരലുകളിൽ മോതിരം. ഷാംപൂ ചെയ്ത് നേർത്തു ഭംഗിയുള്ളമുടിയിഴകൾ. മുഖമുയർത്തിപ്പിടിച്ച് കുർബാന കാണുമ്പോൾ ഏറ്റവും വിലകൂടിയ പുതുപുത്തൻ വസ്ത്രത്തിൽ നിന്നൊഴുകി പരക്കുന്ന സുഗന്ധം . ആത്മാഭിമാനത്തോടെ ദേവാലയത്തിന് പുറത്തിറങ്ങവേ, അവൾ തന്റെ വെളുത്ത പാദങ്ങളിൽ അതിമൃദുലമായ പാദുകങ്ങളണിഞ്ഞ് ആൾക്കൂട്ടത്തിൽ ആ വിളറിയ പെൺകുട്ടിയെ തിരഞ്ഞു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. വിവാഹം കഴിഞ്ഞ് ഭർത്രുവീട്ടിലേക്കുയാത്രയാകാൻ നിന്ന അലീന ചേച്ചിക്ക് അവൾ ആവലിയ ബോക്സെടുത്തു കൊടുത്തു. " എനിയ്ക്കാ ഇത്?" അത്ഭുതത്തോടെ അവൾ അനുജത്തിയെ നോക്കി. ഭർത്രുഗ്യഹത്തിലെത്തിയ അവൾ അനുജത്തി കൊടുത്ത ആ വലിയ ബോക്സിൽ എന്താണെന്നറിയുവാനുള്ള ആകാംക്ഷയെ അടക്കിനിർത്താനാവാതെ, "നല്ല ശമ്പളമുണ്ടവൾക്ക് .വില കൂടിയതെന്തെങ്കിലുമായിരിക്കും' എന്ന ആത്മഗതത്തോടെ തുറക്കാനാരംഭിച്ചു. ആ വലിയ കാർഡ്ബോർഡ് പെട്ടിയിൽ ദീർഘചതുരാകൃതിയിലിരുന്ന ബോക്സവൾ പുറത്തെടുത്തു. ഒന്നല്ല അഞ്ചു ബോക്സുകൾ. ഒന്നാമത്തെ ബോക്സ് തുറന്ന അവൾ സ്തബ്ദയായി. "എന്തായിത്?" ഭർത്താവിൻ്റെ ചോദ്യത്തെ അവഗണിച്ച് ബാക്കി നാല് ബോക്സവൾ തുറന്നു. അവളുടെ മുഖമൊന്നുവിളറി. തുറന്നുവെച്ച ആ സമ്മാനപ്പൊതിയിലേക്കുനോക്കി ആ വീട്ടിലെ ഓരോരുത്തരായി ചിരിച്ചു പിൻവാങ്ങുന്നതവൾ കണ്ടു. "അലീന, അനുജത്തിയെന്തിനാ ഇത്രയും മഫിൻ തന്നു വിട്ടത് ? " ഭർത്താവിന്റെ ചോദ്യം മനസ്സിലാവാത്തതുപോലെ അഞ്ചുബോക്സുകളിൽ നിരന്നിരിക്കുന്ന നല്ല മഞ്ഞ നിറമുള്ള മഫിനുകളിലേക്കവൾ നോക്കി.വേദനയുടെ നെരിപ്പോടണയാത്ത അനുജത്തിയുടെ ഹൃദയനൊമ്പരങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന ആ മഞ്ഞ മഫിനുകളിലേക്ക്....

രചന: ബിന്ദു ജി പാലാ

story manja maffin

Next TV

Related Stories
#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

Nov 21, 2024 05:54 PM

#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

പിറവത്തെ ചെറുകിട കർഷകരാണ് അവരുടെ ഉല്പന്നങ്ങൾ വിപണി വഴി...

Read More >>
# KuruvaSangam | എന്താണ് കുറുവസംഘം...?

Nov 21, 2024 02:51 PM

# KuruvaSangam | എന്താണ് കുറുവസംഘം...?

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത്...

Read More >>
 മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

Nov 16, 2024 12:22 PM

മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

ഇടത്ത് നേതാക്കളുമായി പങ്കു കച്ചവടം നടത്തി കോടികൾ സമ്പാദിച്ചു വെന്നും, ബന്ധുവായ വരെ ചെയ്ർപേഴ്സൺ ആവാൻ വഴിവിട്ട് സഹായിച്ചു വെന്ന ഗൗരവ കരമായ...

Read More >>
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
Top Stories