കവിത.... ലഹരി
ലഹരിപ്പൂ മണക്കല്ലേ പഠിക്കുന്നോരേ! ലഹരിക്കുൾ പഠിക്കാത്തോനിരിപ്പുണ്ടല്ലോ! ലഹരിപ്പൂ മണക്കല്ലേ മനുഷ്യന്മാരേ! ലഹരിക്കൈ മനുഷ്യത്വം തടുത്തീടുന്നു! ലഹരിപ്പൂ മണത്തെന്നാലകത്തൊരുത്തൻ, ചെകുത്താനായ് മുളയ്ക്കുമെന്നറിഞ്ഞു കൊൾക! ചെകുത്താന്മാർ നിറഞ്ഞെന്നാലിനീ ലോകത്തിൽ, പിറക്കുന്നോർ പിശാചായിപ്പിറവികൊള്ളും! മരിക്കുമ്പോൾ വ്യഥയാറ്റാൻ ലഹരി വേണം, പിറന്നാലും ലഹരിപ്പാൽ വിളമ്പുന്നല്ലോ! ജനിച്ചോരു ദിനമെങ്ങാനടുത്തു വന്നാൽ, മുഖത്തായിത്തുണിയിട്ടു വരിയിൽ നിൽക്കും! സമത്വത്തിൽ കൊതിച്ചെത്തും തരുണിക്കായി, ഒരേപോലെ കുതിച്ചീടാൻ കുറച്ചുവേണം! പ്രണയത്തിൻ പ്രഹരത്തിൽ തളർന്നോനെന്നും, പറന്നെത്തും ഗതകാലം തടുത്തുനിർത്താൻ! മുറുക്കത്തിൽ കിടക്കുന്ന ചുവപ്പൻനാട, അഴിപ്പിക്കാൻ കറുപ്പൊന്നോ ചുവപ്പോ വേണം! ഉദിച്ചെത്തും പുതുവർഷപ്പിറവിക്കായി, കലാശത്തിൻ മധുകുംഭമുടച്ചീടേണം! പുരവച്ചു പശുവിൻപാൽ തിളയ്ക്കുംനേരം, ഗൃഹംമൊത്തം പരക്കുന്നു പുളിച്ച ഗന്ധം! പുകച്ചിട്ടും മണത്തിട്ടും നടക്കുന്നേരം, ഒരുമിച്ചുപിറന്നോളിൽ ഭ്രമിച്ചീടുന്നു! മദിരാക്ഷിപ്പണമെല്ലാം മുതലാക്കാനും, അകത്തായിട്ടൊരുതുള്ളി ലഹരി വേണം! പലർക്കായിട്ടെതിർക്കാനായ് മനസ്സിൻ ധൈര്യം, നിലനിർത്താൻ മയക്കുന്നോരിടം കേറേണം! വിവാഹത്തെക്കൊഴുപ്പിക്കാൻ തുറക്കുന്നല്ലോ, വിദേശിയും സ്വദേശിയുമറിഞ്ഞു നൽകാൻ! മണിയറയ്ക്കകം വാഴാൻ കരുത്തിന്നായി, അകത്തെത്തിത്തികട്ടുന്നു പഴക്കച്ചൂരിൽ! അതിൽനിന്നും തുടങ്ങുന്നോരകൽച്ചച്ചൂടിൽ, മിഴികെട്ടും പ്രതിമയ്ക്കങ്ങടുത്തുചെല്ലും! കുരുന്നുകളിരുഭാഗമകന്നു പോകും, തുണയറ്റു വഴിതന്നിൽ പകച്ചുപോകും! ലഹരിപ്പൂ മണക്കല്ലേ പഠിക്കുന്നോരേ! ലഹരിക്കുൾ പഠിക്കാത്തോനിരിപ്പുണ്ടല്ലോ! (ഹംസപ്ലുതം) ദിനേഷ് ചൊവ്വാണ
poem Lahari