കഥ... പത്രധർമ്മം
ജോണിക്കും മേരിക്കും രണ്ടു മക്കളാണുള്ളത്. ഒരു ഞായറാഴ്ച രാവിലെ അവർ പള്ളിയിൽപോയി തിരിച്ചുവരുമ്പോൾ മേരി ചോദിച്ചു " അച്ചായാ, ഇന്ന് നമുക്ക് ഹോട്ടലിൽപോയി ഭക്ഷണംകഴിച്ചാലോ?" കുട്ടികൾ രണ്ടുപേരും ഇത്കേട്ട് സന്തോഷം കൊണ്ട്തുള്ളിച്ചാടി. ജോണിക്കും എതിർപ്പൊന്നു മുണ്ടായിരുന്നില്ല. സത്യത്തിൽ ജോണി ഇതങ്ങോട്ട്പറയാനിരുന്നതാണ്.
അവർ സാമാന്യംനല്ല ഒരുഹോട്ടലിൽക്കയറി,ഭക്ഷണത്തിന് ഓർഡർനൽകി. ഭക്ഷണംകഴിച്ചു കൊണ്ടിരുന്നപ്പോൾ കറിയുടെഏതോ കഷണം മേരിയുടെ തൊണ്ടയിൽ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും അത് താഴോട്ടു പോകുന്നില്ല. മേരിക്ക് വിമ്മിഷ്ടം വന്നുതുടങ്ങി. ഉടനെ ജോണിപുറത്തേക്കോടി ഹോട്ടലിൻ്റെ മുറ്റത്തുനിന്നിരുന്ന ചെടിയുടെ ഒരുകമ്പ് ഒടിച്ചു കൊണ്ടുവന്ന് മേരിയുടെ താടി ഉയർത്തിപ്പിടിച്ച് കമ്പുകൊണ്ട് മെല്ലെ തൊണ്ടയിലെ തടസ്സംകുത്തിമാറ്റി - അവർ ഭക്ഷണം കഴിച്ച്, ബില്ലും പേ ചെയ്ത് വീട്ടിലേക്കു പോവുകയും ചെയ്തു. പിറ്റേന്നത്തെ ദിനപത്രംകണ്ട് അവർഞെട്ടി. വെള്ളരിക്ക അക്ഷരത്തിൽ അച്ചു നിരത്തിയ വാർത്ത തുടങ്ങുന്നതിങ്ങനെ " കുലീനയായ മേരി എന്നസ്ത്രീയും അവരുടെ രണ്ടുകുട്ടികളും ടൗണിലെ ഒരു പ്രശസ്ത ഹോട്ടലിൽ ഉച്ചഭക്ഷണംകഴിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തുനിന്നും ഭ്രാന്തനെന്നു തോന്നിക്കുന്ന ഒരു യുവാവ് ഓടിവന്ന് യുവതിയുടെതല പിടിച്ചുയർത്തി തൻ്റെകയ്യിലുണ്ടായിരുന്ന വലിയ ഒരുവടി സ്ത്രീയുടെ തൊണ്ടയിലേക്ക് കുത്തിയിറക്കി. കുട്ടികൾക്ക് അപ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം 'കഴിക്കാൻ വന്നവരും പേടിച്ച് അവരുടെ അടുത്തേക്ക് പോകാതെ മാറി നിന്നു." പിന്നേയും വായിക്കാൻ രണ്ടു ഖണ്ഡിക ബാക്കിയുണ്ട്. ഒടുവിൽ റിപ്പോർട്ട് അവസാനിക്കുന്നത് ഇങ്ങനെ. യുവതിക്ക് പരാതിയില്ല എന്ന് പറഞ്ഞതുകൊണ്ട് ഹോട്ടൽ മാനേജർ പോലീസിൽ പരാതിപ്പെട്ടില്ല. അവർ വായന നിർത്തി പത്രത്തിന് മൂന്നു പ്രാവശ്യം സ്തോത്രം ചൊല്ലി.
ഗോവർദ്ധനൻ പൊറ്റെക്കാട്
story pathradharmam