കഥ.... ഓർമയിലെ സ്നേഹപ്രവാഹങ്ങൾ തിരക്ക്പിടിച്ച സിറ്റിയിലൂടെ പോകുന്ന ഓട്ടോയിലിരുന്നു സ്റ്റെല്ല കുറെനേരം ചിന്തിച്ചു... അവിടെയെത്തിയാൽ എങ്ങനെ കൃഷ്ണചന്ദ്രനെ കണ്ടുപിടിക്കും, റൂം നമ്പർ തന്നിട്ടുണ്ട്, ആരോടെങ്കിലും ചോദിക്കാം. 20 വർഷം മുമ്പ് കണ്ട കൃഷ്ണചന്ദ്രൻ ഇപ്പോൾ ഏത് രൂപത്തിൽ ആയിരിക്കും! ചിന്തിച്ചിരുന്നപ്പോഴേക്കും ഹോസ്പിറ്റലിൽ എത്തി. ക്യാഷ്യാലിറ്റിയിലെ നേഴ്സിനോട് റൂം കാണിച്ചു തരാൻ പറഞ്ഞു, എട്ടാം നിലയിൽ ആയിരുന്നു ലിഫ്റ്റിൽ കയറുമ്പോഴും വല്ലാത്തൊരു ആകാംക്ഷയായിരുന്നു, അവൻ എങ്ങിനെയിരിക്കുന്നു? അവന്റെ കൂടെ ആരെങ്കിലും ഉണ്ടോ?. റൂംഎത്തി. തട്ടിവിളിച്ചു, ഒരു സ്ത്രീ വാതിൽ തുറന്നു... കിടക്കയിലെ രൂപം കണ്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. അന്നുകണ്ട ചുറുചുറുചുറുക്കുള്ള ഊർജ്വസ്സ്വലനായ മനുഷ്യനാണോ ഇത്? നെഞ്ചിലെ എല്ലെല്ലാം പെറുക്കിയെടുക്കാം! ഒന്നേ നോക്കിയുള്ളു, കണ്ണ് നിറഞ്ഞു പോയി! വാതിൽ തുറന്ന സ്ത്രീ തന്നെ തന്നെ നോക്കി നിൽക്കുന്നു. "ഞാൻ സ്റ്റെല്ല "അവരുടെ മുഖത്തു വല്ലാത്തൊരു ആശ്വാസം."ഓ... നിങ്ങൾ വന്നോ! നിങ്ങളെ കാത്തിരിക്കയാണിവിടെ ആ സ്ത്രീ വിളിച്ചു "ഇതാ വന്നിരിക്കുന്നു നിങ്ങൾ കാണാൻ ആഗ്രഹിച്ച ആൾ " കൃഷ്ണചന്ദ്രൻ മുഖം തിരിച്ചു..
അതേ മുഖം. തന്നെ കണ്ട മാത്രയിൽ ഒരു ആശ്വാസം അവന്റെ മുഖത്തു പടർന്നു.. പെട്ടെന്ന് ഒരു നേഴ്സ് മുറിയിലേക്ക് വന്നു. ഓ നിങ്ങൾ വന്നല്ലോ.. ഞാനാണ് നിങ്ങളെ അറിയിച്ചത് വൃക്ക രോഗത്തിന്റെ പിടിയിലായ ഈ മനുഷ്യൻ കുറച്ച് ദിവസമായി നിങ്ങളെ കാണാണമെന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നു! അയാൾക്കെന്തോ പറയാനുണ്ട് " കൃഷ്ണ ചന്ദ്രന്റെ ഭാര്യയെ വിളിച്ചു നേഴ്സ് പറഞ്ഞു.. "അവർ സംസാരിക്കട്ടെ നമുക്ക് പുറത്തിരിക്കാം. സംസാരിച്ചു എല്ലാം തീർക്കട്ടെ! നഴ്സും ഭാര്യയും പോയി. കൃഷ്ണ ചന്ദ്രൻ തന്നെ തന്നെ നോക്കി നിന്നു. അവസാനം അവന്റെ കട്ടിലിൽ ഇരുന്നു ആ കൈഎടുത്തു മടിയിൽ വെച്ച് ചോദിച്ചു പോയി... "നോക്കൂ നിന്നെ ഈ രൂപത്തിൽ കാണേണ്ടി വന്നല്ലോ!അവൻ നിർജീവമായി ചിരിച്ചു. കഴിഞ്ഞകാലങ്ങൾ ഇരുപതു വർഷം മുൻപുള്ള ആ കാലങ്ങൾ അറിയാതെ മനസ്സിലേക്ക് വന്നു. സാമ്പത്തികശേഷി തീരെ ഇല്ലാതെ അച്ഛന്റെ കൂലിപ്പണികൊണ്ടു കഴിഞ്ഞു കൂടുന്ന കുടുംബം. താനും അമ്മയും അനിയനും. താൻ പ്രീഡിഗ്രി പാസ്സായി നിൽക്കുന്ന സമയം. അനിയൻ ഹൈസ്സ്കൂളിലും. ഒരുദിവസം മരം കയറാൻ പോയ അച്ഛൻ നിർജീവജഡമായിട്ടാണ് വന്നത്... എല്ലാ പ്രതീക്ഷകളും വറ്റി ജീവിക്കുക എങ്ങിനെഎന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ! അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അമ്മയെ പണിക്ക് പോകാൻ അനുവദിക്കുമായിരുന്നില്ല. വിശപ്പിന്റെ വിളി അസഹ്യമായതോടെ അമ്മ അടുത്ത വീട്ടിൽ പണിക്ക് പോയിത്തുടങ്ങി. അങ്ങനെ തട്ടിയും മുട്ടിയും കഴിഞ്ഞു പോകവേ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു" സ്റ്റെല്ല... നിനക്ക് ഞാനൊരു ജോലി ശരിയാക്കാം തങ്ങളുടെ ദയനീയസ്ഥിതി കണ്ടു പറഞ്ഞതാണ്... " നീ ഏതായാലും ഇനി പഠിക്കാൻ പോകുന്നില്ലല്ലോ? അനിയൻ പഠിക്കട്ടെ. തനിക്ക് വലിയ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം അനുവദിക്കുന്നില്ലല്ലോ... അങ്ങനെയാ ചേച്ചി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ശരിയാക്കി തന്നു ദിവസങ്ങൾ കഴിഞ്ഞു. തുച്ഛമായ ശമ്പളമാണ്. എങ്കിലും കിട്ടുന്നതുകൊണ്ട് വിശപ്പടക്കാമല്ലോ? ഒരു ദിവസം ആ കമ്പനിയിലെ മാനേജർ, എല്ലാവരെയും പരിചയപ്പെടാൻ വന്നു. അവസാനം തന്റെ അടുത്ത് വന്നു പറഞ്ഞു, തനിക്ക് പ്രീഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടല്ലോ. ഞങ്ങളുടെ മറ്റൊരു കമ്പനിയിൽ നിന്നെ ചേർക്കാം.! വളരെ സന്തോഷം തോന്നി ശമ്പളവും കൂടും. അങ്ങനെ സിറ്റിയിലെ മറ്റൊരു കമ്പനിയിൽ പോയിത്തുടങ്ങി ദിവസങ്ങൾ കഴിഞ്ഞു,ഒരു ദിവസം മാനേജർ വന്നു തന്നെ പ്രത്യേകം വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഞാൻ നിന്നെ എന്റെ പ്രൈവറ്റ് സെക്രട്ടറി ആക്കുന്നു... പല സ്ഥലത്തും പോകേണ്ടിവരും, വളരെ സന്തോഷത്തോടുകൂടി എല്ലാം സമ്മതിച്ചു രണ്ടു ദിവസം കഴിഞ്ഞു.. ഒരു സ്ഥലം വരെ പോകാനു ണ്ടെന്ന് മാനേജർ പറഞ്ഞു. അന്ന് രാത്രി ഒരു ഹോട്ടലിൽ ആയിരുന്നു. തനിക്ക് പ്രത്യേകം റൂം എല്ലാമുണ്ട്! ഉറക്കത്തിന്റെ മയക്കത്തിൽ വാതിലിൽ ആരോ മുട്ടുന്നു. ശങ്കയോടെ തുറന്നു. മാനേജരും ഒരു ചെറുപ്പക്കാരനും. അവർ മദ്യപിച്ചിരുന്നു, മാനേജർ അയാളെ തന്റെ റൂമിലേക്ക് തള്ളിയിട്ടു. എന്നിട്ട് ഒരു ശാസന പോലെ പറഞ്ഞു, " ഇയാൾക്ക് വേണ്ടത് ചെയ്തുകൊടുക്കു.... അന്തം വിട്ടുനിൽക്കുന്ന തന്റെ നേരേ രണ്ടു വലിയ ബലിഷ്ടമായ കൈകൾ വീണത് മാത്രം ഓർമ്മയുണ്ട്. ബോധം വന്നപ്പോൾ എല്ലാം നശിച്ച ഒരു കറിവേപ്പിലയാണ് താനെന്ന് മനസ്സിലായി! തന്റെ ബഡിൽ ഒരു കെട്ട് നോട്ട്കെട്ട് ഇട്ട് അയാൾ പറഞ്ഞു "ഇത് നിനക്കാണ് ഇനിയും വരും " അയാൾ കൂളായി പുറത്തേക്ക് പോയി തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം! ഇനി താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ, അമ്മയെ ഓർത്തു അനിയനെ ഓർത്തു, എല്ലാം മറക്കാൻ ശ്രമിച്ചു വീട്ടിൽ എത്തുമ്പോൾ ഒന്നുമറിയാതെ അമ്മയും അനിയനും സന്തോഷിച്ചിരിക്കുന്നു. ആ പച്ച നോട്ടുകൾ അമ്മയെ ഏൽപ്പിക്കുമ്പോൾ മനസ്സ് മരവിച്ചു പോയിരുന്നു ആരും ഒന്നും അറിയാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. പിന്നീടുള്ള ദിവസങ്ങൾ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു. പലപല സ്ഥലങ്ങൾ, മുഖങ്ങൾ, നിറയെ പണം, വീട് പൊളിച്ചു പുതിയത് ഉണ്ടാക്കണമെന്ന് അനുജന്റെ ഉത്സാഹം. നന്നായി പഠിക്കുന്നവന് ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമം. എല്ലാം തനിക്ക് കിട്ടുന്ന പച്ചനോട്ടുകളായിരുന്നു ആധാരം. . പക്ഷേ ഒന്നും അറിയാതെ അമ്മയും അനുജനും. തനിക്ക് എന്തോ വലിയ ഉദ്യോഗമാണെന്നാണ് അവരുടെ വിചാരം ഒരു ദിവസം മാനേജരുടെ കൂടെ ഹോട്ടലിൽ ഇരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ റൂമിൽ വന്നു" ഇവൻ കൃഷ്ണചന്ദ്രൻ, കോടീശ്വരനാണ്. ഒന്നുമറിയില്ല അവന് അവന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുണം " മാനേജർ അതു പറഞ്ഞു പുറത്തുപോയി തന്നെ നോക്കി അന്ധാളിച്ചു നിൽക്കുന്ന ചെറുപ്പക്കാരൻ മുറിക്കുള്ളിൽ വന്നു ... തന്റെ നേരേ മെല്ലെ നടക്കുന്ന അവനെ കണ്ടപ്പോൾ തന്റെ അനിയനെ പ്പോലെ തോന്നി.. പെട്ടെന്ന് തന്നെ തന്റെ കണ്ണ് നിറഞ്ഞു സങ്കടം സഹിക്കാതെ താൻ വാവിട്ടു കരഞ്ഞു. പരിഭ്രമത്തോടെ കൃഷ്ണചന്ദ്രൻ തന്നെ അടുത്തേക്ക് വന്നു, ഒടുവിൽ അവനോട് എല്ലാ കഥകളും പറഞ്ഞു, അവൻ എല്ലാം കേട്ട ശേഷം പറഞ്ഞു " ചേച്ചി വിഷമിക്കേണ്ട എന്റെ ചേച്ചിയെ പോലെ തന്നെ ഞാൻ കരുതും . ഞാനൊന്നും ചെയ്യില്ല. എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറയണം, " ചേച്ചിയുടെ അടുത്തേക്ക് ആണല്ലോ അയാൾ എന്നെ പറഞ്ഞു വിട്ടത് " ഒരു ആത്മഗതം പോലെ കൃഷ്ണചന്ദ്രൻ പറഞ്ഞു... തന്റെ കയ്യിൽ കുറച്ച് പണം തന്ന് ഇനിയും വരാമെന്ന് പറഞ്ഞു പോയ ആളാണ്. ഇരുപത് വർഷങ്ങൾക്കു ശേഷം ഇപ്പോൾ കാണുന്നു.. ഫോൺ വിളിച്ചു എല്ലാ കാര്യങ്ങളും അറിയിക്കും. ഇടക്ക് സഹായങ്ങൾ തരും.. വിവാഹിതനും ഒരു കുട്ടിയുമായതും അറിഞ്ഞിരുന്നു.... കാലങ്ങൾ കഴിഞ്ഞു.... അനിയന് എൻട്രൻസ് കിട്ടി ഡോക്ടർ ആയി...തന്റെ വിവാഹം സ്വപ്നം കണ്ട് അമ്മയും മരണമടഞ്ഞു.. ഇപ്പോൾ ആ വീട്ടിൽ താൻ ഒറ്റക്കാണ്... ആ ജോലി താൻ ഉപേക്ഷിച്ചു. വീട്ടിൽ നാലഞ്ച് അനാഥരെ പാർപ്പിക്കുന്നു എല്ലാം കൃഷ്ണ ചന്ദ്രന്റെ സഹായത്താൽ. അപ്പോഴാണ് കൃഷ്ണചന്ദ്രന് സുഖമില്ല എന്ന് വാർത്തകേട്ടത് അപ്പോഴാണ് ഒരു ഡോക്ടർ വന്നത്. തന്നെപ്പറ്റി എല്ലാം കൃഷ്ണചന്ദ്രൻ പറഞ്ഞു... ഇനി വൃക്ക മാറ്റി വെക്കുക മാത്രമാണ് പോംവഴി.. അതിനിതുവരെ ഒന്നും ശരിയായില്ല... പെട്ടെന്ന് ഡോക്ടരോട് ധൈര്യപൂർവ്വം ചോദിച്ചു.. " തന്റെവൃക്ക പറ്റുമോ സർ" ഇവനുവേണ്ടി ജീവൻ പോലും കൊടുക്കാൻ ഞാൻ തയ്യാറാണ് പെട്ടന്നാണ് എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞത്. തന്റെ വൃക്ക അനുയോജ്യമാണെന്ന് മനസ്സിലായി ഇപ്പോൾ രണ്ട് കട്ടിലിൽ ആയി ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുമ്പോൾ വല്ലാതെ സന്തോഷിക്കുന്നു.തനിക്ക് ജീവൻ വരെ വരദാനമായി തന്ന ഈ മനുഷ്യന് എന്തു കൊടുത്താലും മതിയാവില്ല വൃക്ക മാറ്റിവെക്കൽ എല്ലാം വിജയകരമായി നടന്നു, രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ. ഇനിയും കൃഷ്ണചന്ദ്രൻ ഒരുപാട് കാലം ജീവിക്കട്ടെ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു അന്നും എന്നും ഇന്നും
story ormayile snehapravahangal