കവിത.... കൊച്ചുലങ്ക
കൊച്ചുലങ്കയിലെക്കുളിരി- ലല്പനേരമിരുന്നിടാം കൊച്ചുവഞ്ചിയിൽ സ്വച്ഛമായി ചുറ്റുമൊന്നു തുഴഞ്ഞിടാം! പ്രണയിനിപ്പുഴ,യുമ്മവെയ്ക്കും കരകളെത്തൊട്ടല്പനേരം വലിയവാഹകളെ മെരുക്കാൻ ചൂണ്ടയിട്ടു രസിച്ചിടാം! കുന്നിറങ്ങും വഴിയിലീറകൾ പൂത്തുചാഞ്ഞെതിരേല്ക്കവേ പൊന്തയിൽ ചെവിപൊക്കിയോടും കാട്ടുമുയലിൻ കുസൃതികൾ! കൊട്ടവഞ്ചിയിൽ നിന്നുമുയരും കൊങ്ങിണിപ്പാട്ടിൽ മയങ്ങി കാട്ടുവള്ളിക്കിടയിലെങ്ങും കൂമ്പിനില്ക്കും കൊറ്റികൾ! കടവിലൊച്ച തെരഞ്ഞുകാലി- ലുമ്മവയ്ക്കും മീനുകൾ നടവരമ്പിൽ പെൻഗ്വിനെപ്പോൽ വെയിലുകായും നീർനായകൾ! കായലിൽ നിവർത്തിവെച്ച പായലിൻ പലഭൂപടങ്ങൾ കീറിയെത്തും കെട്ടുവള്ള- പ്പേടിയിൽ മറയും ഖഗങ്ങൾ! വളകിലുക്കിയിടയ്ക്കെത്തും മഴപ്പെണ്ണിൻ കൈപിടിച്ചീ- ക്കടവിലെ കല്പടവിൽ കവിതമൂളി നനഞ്ഞിരിക്കാം! ഇടവപ്പാതിക്കുതുള്ളി- ത്തുളുമ്പും പള്ളിക്കലാറിൽ തിളങ്ങും മുള്ളിമീൻകണ്ണിൽ വലവീശിപ്പുണർന്നീടാം! കൊച്ചുലങ്കയിലുണ്ടിനിയും കൺകുളിർക്കും കാഴ്ചകൾ മൂന്നുചുറ്റും തൊട്ടുരുമ്മും പച്ചയാം ജലചാരുത! അക്കരെയ്ക്കു ചതുപ്പുതാണ്ടി- യൊളിച്ചുപോകും സൂര്യനെ അസ്തമിക്കുംമുമ്പടുത്തായ് കണ്ടു, ചോപ്പിലലിഞ്ഞിടാം! അന്തിമാനത്തമ്പിളിക്കല ചന്തമോടെയുദിക്കുമാ സന്ധ്യനോക്കിയൊരല്പനേരം കണ്ടുമിണ്ടിയിരുന്നിടാം! പുഞ്ചനിറയെ പൂത്തിറങ്ങിയ ചേലെഴും ചെറുതാരകൾ വഞ്ചിനിറയെ വലയെറിഞ്ഞു വളച്ചെടുത്ത പൂവാലികൾ! കൂരിരുട്ടിൻമൂടി കീറി ചീറിയെത്തും തോണിതൻ റാന്തലിൻ പ്രഭയിൽ മയങ്ങി കൂട്ടിലായ കരിമീനുകൾ! കൊച്ചുലങ്കയിലുണ്ടെനിക്കൊരു കൊച്ചുഗേഹം കൂട്ടരെ തൊട്ടടുത്തായ് മീൻതുടിക്കും പൊയ്കയും പൊന്നാമ്പലും! കൊച്ചുലങ്ക: ഞങ്ങളുടെ ദേശത്തിന്റെ അപരനാമം
poem Kochu lankka