കഥ.. വിടരാതടർന്നൊരു ചെന്താര്
എന്റെ ചിന്തകളെ എനിക്ക് ഭയമാണ്. അവയിങ്ങനെ കയറൂരിവിട്ട അശ്വത്തെപ്പോലെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. എന്റെ കർണ്ണപുടങ്ങളെ എനിക്ക് ഭയമാണ് എന്റെകാതുകളിൽ ഓടിയെത്തുന്ന ഓരോ വാക്കുകളും അപമാനത്തിന്റെ, പരിഹാസത്തിന്റെ കൂരമ്പുകൾ മാത്രം. അവയെന്റെ നെഞ്ചിലേക്ക് ആഞ്ഞുകയറുന്നു ഒരുതുള്ളിനിണമൊഴുകാതെ വിങ്ങിക്കൊണ്ടിരിക്കുന്ന മുറിവുകൾ എന്റെ മിഴികളെ തോരാതെപെയ്യിക്കുന്നു.. ഒരുവേള ഞാൻ ചിന്തിച്ചുപോകുന്നു "അന്ധനും ബധിരനും" ആയിരുന്നെങ്കിൽ ഒന്നും കാണണ്ടായിരുന്നു, കേൾക്കണ്ടായിരുന്നു ഒന്നുമറിയാതെ ഈ ഭൂമിയിൽ ജീവിച്ചുപോകാമായിരുന്നു.. നിങ്ങൾക്കറിയുമോ? ഞാൻ ആരാണെന്നു. മുഖമില്ലാത്തവൻ .!അവജ്ഞയുടെയും നിന്ദയുടെയും ചെളികുണ്ടിൽ വീണുപോയവൻ.! എന്റെ സ്വപ്നങ്ങളുടെ മേൽക്കൂരകൾ കാർമേഘങ്ങൾ നിഴൽ വിരിച്ചവയാണ്. നിറഞ്ഞ മിഴികൾ തുടച്ചിട്ടു നിലവിട്ട ചിന്തകളോടെ അരുൺ കിടക്ക വിട്ടേഴുന്നേറ്റു വെള്ളമെടുത്തു മുഖംകഴുകി. മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പിയിൽ നിന്നും ഒരു ഉറക്കഗുളികയെടുത്തു കഴിച്ചു. ഇപ്പോൾ ഇതാണ് ആശ്രയം.ചിന്തകൾ ഞണ്ടിനെപ്പോലെ ഇറുക്കിപിടിക്കുന്നു അവയിൽ നിന്നൊരു രക്ഷ ഈഗുളികകൾമാത്രം. അനാഥമായിപ്പോയ തന്റെയീ ജന്മത്തിന് ആരോടാണ് പരാതി പറയേണ്ടത്.ഇങ്ങനെയൊരു ജന്മത്തിന് വഴിയൊരുക്കിയ ഈശ്വരനോടോ?. കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരുകുട്ടിയെപ്പോലെ ഭയത്തോടെ ചുറ്റും നോക്കി അവൻ "അമ്മേ.....!എന്നലറിവിളിച്ചു.. ആരുടെയൊക്കെ പരിഹാസ വാക്കുകൾ കാതുകളിൽ വന്നലയ്ക്കുന്നു. മുറിയിലെവിടെയും ആ വാക്കുകൾ പ്രതിധ്വനിക്കുന്നു. രണ്ടു കൈകൾകൊണ്ട് കാതുകൾ പൊത്തിപ്പിടിച്ചവൻ "'അമ്മേ"യെന്നു വീണ്ടും അലറിവിളിച്ചു, പിന്നീട് ബോധമില്ലാത്തവനെപ്പോലെ തളർന്നു കിടക്കയിലേക്ക്വീണു. താനെവിടെയാണ്? പതുപതുത്ത പഞ്ഞിക്കെട്ടുകൾപോലെ മേഘത്തുണ്ടുകൾ അലസമായി ഒഴുകിനടക്കുന്നു അതിനുമുകളിലൂടെ ആരൊക്കൊയോതന്നെ പിടിച്ചുകൊണ്ടുപോകുന്നു. ശരീരത്തിന് ഭാരമില്ലാത്തപോലെ. ആകാംഷയോടെ താഴേക്കു നോക്കിയപ്പോൾ എങ്ങും ഇരുട്ടു മാത്രം… "കണ്ണാ അമ്മയുടെ പൊന്നൂട്ടാ" എവിടെ നിന്നാണാ വിളി? " കണ്ണാ..... മോനെ കരയാതെടാ അമ്മയില്ലേ കൂടെ പിന്നെന്തിനാ എന്റെകുട്ടി പേടിക്കുന്നെ. കരയണ്ടാട്ടോ.." തൂവെള്ളസാരിയിൽ മാലാഖയെപോലെയൊരമ്മ തന്റെ അടുക്കൽ വന്നിരുന്നു മിഴിയിലെ നീർമുത്തുകൾ കൈകളാൽ തുടച്ചുമാറ്റി. "എന്തിനാ എന്റെകുട്ടി കരയുന്നത്? "പേടിയാണോഎന്റെ മോനു? "പേടിക്കണ്ടാട്ടൊ അമ്മയുണ്ട് കൂടെ". തന്റെമുഖം കൈകളാൽ കോരിപിടിച്ചു നെഞ്ചോടുചേർത്തു.തനിക്കന്യമായിരുന്ന നെഞ്ചിലെചൂട് തന്റെ സിരകളിലേക്ക് പ്രവഹിക്കുന്നതുപോലെ. തന്റെ മുഖത്ത് തലോടുന്നതിനൊപ്പം അമ്മയുടെ ചുണ്ടിൽ ഒരു താരാട്ടുപാട്ടിന്റെ ശീലുകൾ. "രാരീരം രാരീരം രാരീരം രാരീരം രാരീ രാരീ രാരോ അമ്മയാംമമ്പരെ മിന്നിത്തിളങ്ങുന്ന പൊന്നിൻ നക്ഷത്രക്കുഞ്ഞെ ഓമനക്കണ്ണുകൾ ചിമ്മിതുറന്നു നീ അമ്മയെ ഒന്നു നോക്കൂ..." സ്വപ്നത്തിലെ ആ വാത്സല്യതേനിന്റെ മധുരം പെട്ടെന്ന് മാഞ്ഞതുപോലെ അരുൺ ഞെട്ടിക്കണ്ണുതുറന്നു. ഇതാണോ തന്റെഅമ്മ.!? ഈ മാറിലെ ചൂടിലാണോ താൻതലചായ്‌ച്ചുവെക്കാൻ ആഗ്രഹിച്ചത്. ഈ മുലപ്പാലല്ലേ താൻകുടിക്കാൻ ആഗ്രഹിച്ചത്. അവൻ വിങ്ങിക്കരഞ്ഞുകൊണ്ടു ചാടിയെഴുന്നേറ്റു.. അമ്മയെക്കാണാതെ കരയുന്ന കൊച്ചുകുട്ടിയെപ്പോലെ ആവൻ ഏങ്ങിക്കരഞ്ഞു സ്വപ്നമായിരുന്നോ? അതോ സത്യമോ! അമ്മ എവിടെ? അവൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു മുറിയിലാകെ ഒരുഭ്രാന്തനെപ്പോലെ തിരഞ്ഞു മേശപ്പുറത്തിരിക്കുന്ന ഒരു വെഡിങ് ഫോട്ടോയിലേക്ക് അവന്റെ കണ്ണുപതിഞ്ഞു . ഛെ! അവജ്ഞയോടെ അവൻ ആ ഫോട്ടോയെടുത്തു. രണ്ടു പുരുഷന്മാരുടെ വിവാഹഫോട്ടോ. തന്റെ അച്ഛനമ്മമാർ. മുഖത്ത് ചായം പൂശി മേക്കപ്പിട്ട ഒരാളെ അമ്മയെന്നു വിളിക്കാനോ. അവൻ അറപ്പോടെ ആ വിവാഹ ഫോട്ടോയിലേക്ക് നോക്കി. ദേഷ്യത്തോടെ ആ ഫോട്ടോയെടുത്തു നിലത്തടിച്ചു. ഇന്നോളം അനുഭവിച്ച പരിഹാസത്തിന്റെയും വേദനയുടെയും അവഗണനയുടെയും എല്ലാ ദേഷ്യവും അവൻ ആ ഫോട്ടോയിൽ തീർത്തു. ഏവരാലും അവഗണിക്കപ്പെട്ട ഈ ജന്മം ഭൂമിയിലെന്തിനു?. ആണായി പിറന്ന ഒരുവനെ അമ്മയെന്നു വിളിക്കാൻ തനിക്കാവില്ല, ഇനിയും പരിഹാസകഥാപാത്രമായി ജീവിക്കാൻവയ്യ! സ്കൂളിൽ, കോളേജിൽ എവിടെയും അർത്ഥംവെച്ച നോട്ടങ്ങളെ എതിരിടാൻ വയ്യ.. ഒരു "ഗെ"യുടെ മകനായി ജീവിക്കുവാൻ അറപ്പുതോന്നുന്നു.. അമ്മയെന്നത് സ്ത്രീയാണെന്നു മനസ്സിനെ പഠിപ്പിച്ച കാലത്തിലേക്ക് അറിയാതെ അവന്റെ ചിന്തകൾഎത്തിപ്പെട്ടു. " അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെയ്ക്കുവാൻ തുടങ്ങിയപ്പോഴാണ് കളികൂട്ടുകാരുടെ അമ്മയ്ക്കും തന്റെ അമ്മയ്ക്കും തമ്മിൽ വ്യത്യസമുണ്ടെന്നു അറിഞ്ഞത് . " എന്റെ അമ്മയെന്താ ഇങ്ങിനെ? പൊട്ടുതൊടില്ല കണ്ണെഴുതില്ല. സാരിയുടുക്കില്ല. ചുണ്ടിലിറ്റിച്ചു തരാനുള്ള മുലപ്പാലില്ല. തനിക്കു മാത്രമെന്താ ഇങ്ങനെയൊരമ്മ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കുഞ്ഞുമനസ്സിനെ അലട്ടിക്കൊണ്ടിരുന്നു . അമ്മയെന്നത് ഒരു സങ്കല്പം മാത്രമായിക്കരുതി അവരുടെ ഇഷ്ടങ്ങൾക്കായി ജീവിച്ചു. ശരിയും തെറ്റും വേർതിരിക്കാൻ മനസ്സിന് പ്രായമായപ്പോഴാണ്. കൂട്ടുകാരുടെ അടക്കിപ്പറച്ചിലുകൾ കാതിലെത്തിയത് "ഇവന് അമ്മയില്ല ഒരു "ഗേ" ദമ്പതികളുടെ മകനാണിവൻ. രണ്ടും കെട്ട വർഗങ്ങൾ " ഗെയോ" എന്താണത് അങ്ങിനെയൊന്നീ ഭൂമിയിലുണ്ടോ? ആരോട് ചോദിക്കും തന്റെ സംശയങ്ങൾ. എന്താണ് ഗേ? അതറിയാനായി ഫോണിൽപരതി ആ തിരിച്ചറിവുകൾ തന്നതു വലിയൊരു മുൾക്കിരീടമായിരുന്നു.സ്വവർഗ്ഗനുരാഗികളായ രണ്ടാണുങ്ങൾക്ക് ജനിച്ചമകൻ.! ആധുനികശാസ്ത്രത്തെ കൂട്ടുപിടിച്ചു ഉണ്ടായ ജന്മം! തന്റെ തലയിൽചൂടിയ മുൾക്കിരീടത്തിന്റെ ഭാരം താങ്ങുവാനാകാതെ ജീവിതവഴിയിൽ അവൻ തളർന്നുവീണു.ഒരിറ്റു ജലംപോലും കിട്ടാതെ വരണ്ടുണങ്ങിയ നിലംപോലെ അവന്റെ മനസ്സും വിണ്ടുകീറി. . ആരാണ് അമ്മ, ആരാണ് അച്ഛൻ?ആരെയാണ് അമ്മയായി കാണേണ്ടത്. ഇന്നുവരെയുള്ള അമ്മ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ജന്മം.സ്വന്തമായി അസ്തിത്വമില്ലാത്തവൻ, കൂട്ടുകാരുടെ കളിയാക്കലുകൾ, എവിടെയും അടക്കിപ്പിടിച്ച പരിഹാസങ്ങൾ എതിരിട്ടുനിന്നു പലരോടും.. നാണംകെട്ടുള്ള ജീവിതത്തിനിടയിൽ എപ്പോഴോ തന്റെ സ്വപ്നത്തിൽ വന്ന മാലാഖയുടെ മുഖസാദൃശ്യമുള്ള ഒരുവൾ കണ്ണിൽപ്പതിഞ്ഞു..അവളിൽ ഞാനെന്റെ അമ്മയെക്കണ്ടു, കാമുകിയെക്കണ്ടു, സഹോദരിയേക്കണ്ടു. ഭ്രാന്തായിരുന്നു അവളോട് കണ്ടാലും കണ്ടാലും മതിവരാത്തപോലെ അവൾ പോകുന്നിടത്തെല്ലാം ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു.തന്റെയിഷ്ടം തുറന്നു പറയാൻ പേടിയായിരുന്നു. ഇഷ്ടമല്ലെന്നൊരു വാക്കു അവളിൽനിന്നും കേട്ടുകഴിഞ്ഞാൽ പിന്നെ താനീ ഭൂമിയിലില്ല.അതുകാരണം ഉള്ളിലെ പ്രണയം പറയാതെ കൊണ്ടുനടന്നു.അവളറിയാതെ അവളെ പിൻതുടർന്നു അവളില്ലാതൊരു നിമിഷംപോലും പറ്റില്ലെന്നായപ്പോ പ്രണയം തുറന്നുപറയുവാൻ തീരുമാനിച്ചു. അവളും കൂട്ടുകാരും സ്ഥിരമായി വരുന്ന ബീച്ചിൽവെച്ച് തന്റെ ഇഷ്ടം അവളോടു തുറന്നുപറഞ്ഞു. ഒരു നിമിഷത്തെ ഞെട്ടലിന്ശേഷം അവൾ കൂട്ടുകാരെയെല്ലാം അവന്റെ ചുറ്റിനും നിർത്തി ഉറക്കെ വിളിച്ചുപറഞ്ഞു. "ഇവനെന്നോട് പ്രണയം ആണെന്ന്. ഛീ നിനക്ക് നാണമില്ലേ എന്നോടിത് പറയാൻ. നിന്റെ അമ്മയാരാ അച്ഛനാരാണ് എന്തു യോഗ്യതയാണ് നിനക്കുള്ളത് എന്നെ പ്രണയിക്കുവാൻ ." തലകുനിച്ചവരുടെ മുൻപിൽ നിൽക്കുമ്പോൾ കണ്ണിൽനിന്നൊഴുകിയത് കണ്ണുനീരല്ല്ല രക്തമായിരുന്നു. തലയിലേന്തിയ മുൾക്കിരീടം ഹൃദയത്തിലേൽപ്പിച്ച മുറിവിൽ നിന്നോഴുകിയ ചുടുരക്തമായിരുന്നു. ലോകം കീഴ്മേൽ മറിഞ്ഞപോലെ അവിടെ നിന്നും ഓടിരക്ഷപെടുവാൻ അവൻ ആഗ്രഹിച്ചു. കാലുകൾക്ക് മന്ത് ബാധിച്ചപ്പോലെ അവൻ മുട്ടുകുത്തി താഴെക്കിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു രണ്ടു കൈകൾ കൊണ്ടുകാതുകൾ പൊത്തിപ്പിടിച്ചു. അമ്മേ........ അമ്മേ.......... അവൻ അലറിവിളിച്ചു.പിന്നെയാ കടൽമണ്ണിലേക്ക് അവൻ കമിഴ്ന്നുവീണു. എത്രനേരം ആകിടപ്പു കിടന്നുവെന്നറിയില്ല. പിന്നീടവിടുന്നു എഴുന്നേൽക്കുമ്പോൾ ഇരുട്ടുമൂടിയിരുന്നു. വേച്ചു വേച്ചു അവൻ വീടിനെ ലക്ഷ്യമാക്കി നടന്നു.ജനിച്ചുപോയെന്നൊരു തെറ്റിന്റെ കുറ്റവുംപേറി.ഒഴുകിയെത്തിയൊരു കടൽകാറ്റ് അവന്റെ മുടിയിഴകളെ തഴുകിക്കടന്നുപോയി ആശ്വസിപ്പിക്കാനെന്നപോലെ. കരിമ്പടം മൂടിയ ചെകുത്താൻകോട്ടപോലെ അവനു ആ വീടുകണ്ടിട്ട് തോന്നിയത്. ഇരുട്ടിന്റെ മൂടുപടം അവന്റെ മനസിനെ വല്ലാതെ ഭയപ്പെടുത്തി. ആരുമില്ല തനിക്കു.. ഈ കൂരിരുട്ടിൽ പ്രത്യാശയുടെ തരിമ്പുവെട്ടംപോലും കണ്മുൻപിലില്ല. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. സ്വവർഗ്ഗരതി ആഗ്രഹിക്കുന്നവരെങ്കിലുംഅവരുടെ ജീവിതത്തിൽ അവർക്കായി ഒരു കുഞ്ഞുവേണമെന്നാഗ്രഹിച്ച തന്റെ മാതാപിതാക്കളെയോ. അവരുടെ മകനായി ജനിക്കാൻ എനിക്കൂഴംതന്ന വിധിയേയോ അറിഞ്ഞുകൂടാ.ഇനിയൊരു ജീവിതം തനിക്കു വേണ്ടയിവിടെ.. മേശക്കുള്ളിൽ നിന്നുംഅരുൺ ഉറക്കഗുളികകൾ നിറഞ്ഞ കുപ്പിയെടുത്തു.അതിലെ മുഴുവൻ ഗുളികകളും എടുത്തു വിഴുങ്ങി. കട്ടിലിലേക്ക് മലർന്നുകിടന്നു. പപ്പാ വിളിക്കുന്നോ.? "അരുൺ മോനെ നീയെവിടെ...? . കൂടെ മമ്മയുടെ വിളിയും "അരുൺ. മോനെ....മമ്മയുടെ മുഖം മാറിവരുന്നോ അവിടെ.!. അവിടെ!... മാലാഖയുടെ മുഖമുള്ള അമ്മ..... അമ്മേ... അമ്മേ...അബോധത്തിൽ അവൻ പിറുപിറുത്തു..... അമ്മേ... അമ്മയെവിടെ.? "മോനെ കണ്ണാ.. ... അമ്മയിവിടെയുണ്ട്.... ദേ നോക്കിയേ ഇവിടെ...., മോനിങ്ങുവാ.... ഉറങ്ങണ്ടേ അമ്മയുടെ മടിയിൽ കിടക്കൂ മോനെ ഓടിപ്പോവല്ലേ കണ്ണാ.,... അമ്മ താരാട്ടു പാടാം ..... രാരീരം രാരീരം രാരീരം രാരീരോ രാരിരാരിരാരോ അമ്മയാംമബാരെ മിന്നിത്തിളങ്ങുന്ന പൊന്നിൻ നക്ഷത്രകുഞ്ഞെ ഓമനക്ക ണ്ണുകൾ ചിമ്മിതുറന്നു നീ അമ്മയെ ഒന്നുനോക്കൂ അമ്മയുടെ മടിയിൽ അമ്മിഞ്ഞയൂണ്ണുന്ന കുഞ്ഞിനെപ്പോലെ അബോധത്തിൽ തന്റെ തള്ളവിരൽ ഊറിക്കൊണ്ട് അവൻ ചുരുണ്ടുകൂടി. പരിഹാസങ്ങളില്ലാത്ത, അവഗണനകളില്ലാത്ത. ആ ലോകത്തേക്ക് യാത്രയാകുവാൻ.... രചന:അശ്വതി മനോജ്
story vidarathadarnneru chenthar