കഥ... "അൻപത് രൂപ"
പുതിയതായി റിലീസ് ചെയ്ത ബ്രഹ്മാണ്ഡചിത്രം തിയേറ്ററിൽത്തന്നെ കണ്ടാൽ കൊള്ളാമെന്നൊരാഗ്രഹം. വീടിനു തൊട്ടടുത്തുള്ള തിയേറ്ററിൽ കളിക്കുന്നുണ്ട്. ഇപ്പോൾ എല്ലാം ഓൺലൈൻബുക്കിംഗ് ആയതിനാൽ ടിക്കറ്റിനായി തിയേറ്ററിൽ പോയി ഇടിക്കേണ്ട കാര്യമില്ല. പണ്ടൊക്കെ പടം തുടങ്ങുന്നതിന് അരമണിക്കൂർ മുൻപേ കൗണ്ടറിൽ ക്യൂ ആകും. രണ്ട് അരമതിലുകൾക്കിടയിൽ ഇടുങ്ങിയ സ്ഥലത്ത് മൂത്രനാറ്റം സഹിച്ച് നിൽക്കണം. ചില വിരുതന്മാർ നമ്മുടെ തലക്കുമുകളിൽ മതിലിലൂടെ കടന്ന് മുൻപിൽ ചെന്നിറങ്ങും. അപ്പോഴുണ്ടാകുന്ന ഞെരുക്കം അസഹനീയം. ടിക്കറ്റുമായി ക്യൂവിനുപുറത്തിറങ്ങുമ്പോൾ ഒരങ്കം കഴിഞ്ഞതുപോലെയാണ്. "മക്കളേ! അച്ഛന് ആ സിനിമയൊന്നുകാണണം. ഒരു സീറ്റ് റിസർവ്വ് ചെയ്തേക്ക്." മുകൾനിലയിൽനിന്ന് പടിയിറങ്ങിവന്ന മകനോട് പറഞ്ഞു. പ്രിയപത്നിക്ക് സിനിമയോട് വലിയ താത്പര്യമില്ല. എനിക്കും ഒറ്റയ്ക്ക് പോയിരുന്നുകാണുന്നതാണ് ഇഷ്ടം. "ഈ തിയേറ്ററിൽ പോകണ്ടച്ഛാ! മൾട്ടിപ്ലക്സിൽ ബുക്കുചെയ്യാം, അവിടെയാ സുഖം." "അവിടെ ചാർജ് കൂടുതലല്ലേടാ? ഇവിടെ മതി". എന്നിലെ പിശുക്ക് പുറത്തുചാടി. " സാരമില്ലച്ഛാ! അൻപതുരൂപയുടെ വ്യത്യാസമേയുള്ളു. ഞാൻ ബുക്കുചെയ്തോളാം. അച്ഛൻ പോയിരുന്നു കണ്ടാമതി." അവൻ പറയുന്നത് ശരിയാണ്. ഇന്നത്തെക്കാലത്ത് അൻപതുരൂപ വലിയ തുകയല്ല. പക്ഷേ, പത്തുമുപ്പതുവർഷം മുൻപ് അൻപതുരൂപയ്ക്കുവേണ്ടി ഒരു ഹെൻട്രി സാൻഡോസ് വാച്ചുമായി തിരുവനന്തപുരം പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ എൻ്റെ അനുഭവം അവനറിയില്ല! അൻപതുരൂപ എന്നു കേൾക്കുമ്പോളെല്ലാം എൻ്റെ മനസ്സിൽ ഉരുത്തിരിയുന്ന നിസ്സഹായതയും അപകർഷതാബോധവും ശ്രീമതിക്കും മക്കൾക്കും ഇപ്പോഴുമറിയില്ല! ദാരിദ്ര്യമെന്നുപറയാൻ കഴിയില്ലെങ്കിലും അച്ഛൻ്റെ തുച്ഛവരുമാനത്തിൽ കഴിയേണ്ടത് ആറുമക്കളുള്ള ഒരു വലിയ കുടുംബമാണ്. അതിൻ്റേതായ വിഷമതകളും കഷ്ടപ്പാടുകളും കൂടുതലറിഞ്ഞത് ഇളയമകനായ ഞാനാണ്. എൻ്റെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ മൂത്തവരെയൊക്കെ പഠിപ്പിച്ച് അച്ഛൻ്റെ സാമ്പത്തികനില ഏകദേശം തറപറ്റിയിരുന്നു. മൂത്ത ജ്യേഷ്ഠന് ഒരു കമ്പനിയിൽ ജോലികിട്ടിയെങ്കിലും ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ വിവാഹം കഴിച്ച് വീടുമായി അകന്നുകഴിയുകയാണ്. അച്ഛനമ്മമാരെ കാണാൻപോലും വരാറില്ല. അദ്ദേഹം സ്നേഹമുള്ളവനാണെങ്കിലും ജ്യേഷ്ഠത്തിക്ക് കുടുംബത്തിലെ ദാരിദ്ര്യം പങ്കുപറ്റാൻ താത്പര്യമില്ല. ഭാര്യയെ എതിർക്കാനുള്ള കഴിവ് പുള്ളിക്കാരനുമില്ല. ഞാൻ എങ്ങനെയൊക്കെയോ ഐ.ടി.ഐ പഠനം പൂർത്തിയാക്കി. തിരുവനന്തപുരത്ത് ഒരു സർക്കാർസ്ഥാപനത്തിൽ അപ്രൻ്റീസ് ആയി സെലക്ഷൻ കിട്ടി.
മുന്നൂറു രൂപയാണ് സ്റ്റൈപ്പൻ്റ്. അതിൻ്റെ ബലത്തിൽ തലസ്ഥാനനഗരത്തിലേക്ക് വണ്ടികയറി. എന്നെപ്പോലെ വന്നുപെട്ട വേറെയും ചെറുപ്പക്കാർ ഉണ്ടായിരുന്നു. അതിൽ പത്തുപേർ ചേർന്ന് നാലഞ്ചു മുറികളുള്ള ഒരു വീട് വാടകയ്ക്കെടുത്തു. ഒരു മുറിയിൽ രണ്ടുപേർവീതം ആളൊന്നിന് അൻപതുരൂപ വാടകയാകും. ബാക്കിയുള്ള ഇരുനൂറ്റിയൻപതുരൂപ കൊണ്ട് ഒരു മാസം കഴിയണം. വീട്ടിൽനിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അതായത് ഒരു ദിവസം എട്ടുരൂപയിൽ കൂടുതൽ ചെലവിടാനുള്ള മാർഗ്ഗമില്ല എന്നർത്ഥം. എല്ലാവരും ചേർന്ന് ചെലവുചുരുക്കാനുള്ള മാർഗ്ഗം കണ്ടെത്തി. രാവിലത്തെയും രാത്രിയിലെയും ഭക്ഷണം എല്ലാവരും ചേർന്ന് വീട്ടിലുണ്ടാക്കും. ഉച്ചയൂണ് സ്ഥാപനത്തിലെ കാൻ്റീനിൽനിന്ന് അഞ്ചുരൂപയ്ക്കു കിട്ടും. സർക്കാർകറിയെന്നറിയപ്പെടുന്ന സാമ്പാറും ഒരു തൊട്ടുകൂട്ടാനും പപ്പടവും മാത്രമേയുള്ളൂ, എങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അതുതന്നെ ഭാഗ്യം. എൻ്റെ റൂംമേറ്റ് അമ്പൂരി എന്ന സ്ഥലത്തുനിന്ന് വന്ന ജോസഫ് മാത്യു ആയിരുന്നു. നല്ല മനുഷ്യൻ! എന്നേക്കാൾ നാലഞ്ചുവയസ്സ് മൂപ്പുണ്ട് കക്ഷിക്ക്. അതിനാൽ ഒരു അനുജനോടുള്ള വാത്സല്യം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഔസേപ്പച്ചൻ ( സ്നേഹം മൂത്ത് എൻ്റെ വിളി അങ്ങനെയായി.)എല്ലാ ശനിയാഴ്ചയും നാട്ടിൽ പോയി തിങ്കളാഴ്ച മടങ്ങിയെത്തും. വരുമ്പോൾ അത്യാവശ്യമുള്ള എണ്ണ,സോപ്പ്, പേസ്റ്റ് ഇവയൊക്കെ കൊണ്ടുവരും. അതൊക്കെ ഉപയോഗിക്കാൻ എനിക്കും അനുവാദമുണ്ടായിരുന്നു. അതിനാൽ അവയൊന്നും എനിക്ക് വാങ്ങേണ്ടിവന്നില്ല.. അങ്ങനെയിരിക്കേ, ക്രിസ്മസ്കാലമായി. വർഷാവസാനമായതിനാൽ കൂടെയുള്ള മിക്കവരും ഉണ്ടായിരുന്ന ലീവെടുത്ത് അവരവരുടെ നാട്ടിലേക്കു പോയി. ഔസേപ്പച്ചനും പോകാനൊരുങ്ങി. എന്നെയും നാട്ടിലേക്ക് ക്ഷണിച്ചെങ്കിലും എന്തോ ഒരു ദുരഭിമാനം ആ ക്ഷണം നിരസിക്കാൻ എന്നെ പ്രേരിപ്പിച്ചു. നാട്ടിൽ പോകാനാണെങ്കിലും അൻപത് രൂപയിൽ കൂടുതൽ വേണം. കൈയിൽ മിച്ചമുള്ളത് രണ്ടുരൂപ മാത്രം. ഉള്ളതു കഴിച്ച് അവിടെത്തന്നെ കൂടാൻ ഞാൻ തീരുമനിച്ചു. എന്നാൽ അന്നുരാത്രിതന്നെ ഞാൻ അപകടം തിരിച്ചറിഞ്ഞു. അടുക്കളയിൽ അൽപ്പം ഗോതമ്പുപൊടിയല്ലാതെ മറ്റൊന്നുമില്ല! ഒരു മാസത്തെ ആവശ്യത്തിനുള്ള സാധനങ്ങൾ ഒന്നിച്ചുവാങ്ങുന്നതാണ്. എല്ലാവരും നാട്ടിൽ പോകുമല്ലോ എന്നുകരുതി അതുമുഴുവൻ തീർത്തിട്ടാണ് കശ്മലന്മാർ പോയത്. ഉള്ളതുകൊണ്ട് രണ്ടുദിവസം കടന്നുകിട്ടി. അല്പം തെയിലയുണ്ടായിരുന്നതുകൊണ്ട് മൂന്നാം ദിവസം മൂന്നുനേരവും മധുരമില്ലാത്ത കട്ടൻചായ കുടിച്ചു. അതുംതീർന്നു. ഇങ്ങനെ പോയാൽ പറ്റില്ല. പട്ടിണികിടന്ന് ചാകും. അറ്റകൈയ്ക്ക് കൈയിൽ ധരിച്ചിരുന്ന വാച്ചിലേക്കു നോക്കി. അച്ഛൻ ധരിച്ചിരുന്നതാണ്, പഴയ ഹെൻട്രി സാൻഡോസ് കമ്പനിയുടെ സ്വിസ്മെയ്ഡ് വാച്ച് . ഇങ്ങോട്ടു പോന്നപ്പോൾ കൈയിൽ കെട്ടിക്കോ എന്നുപറഞ്ഞ് തന്നതാണ്. പെട്ടെന്ന് ഡ്രസ് മാറി,വീട് പൂട്ടിയിറങ്ങി, നഗരത്തിലേക്ക് നടന്നു. ബസ്സിൽ പോയാൽ ആകെയുളള രണ്ടുരൂപയും തീരും. പോകുന്നവഴിയിൽ സൈഡിലുള്ള പല കടകളിലും നോക്കി. വാച്ച് പണയംവെച്ച് അൻപതുരൂപ വാങ്ങണം. ഒന്നാം തീയതി സ്റ്റൈപ്പൻ്റ് കിട്ടുമ്പോൾ തിരിച്ചെടുക്കാം. ആദ്യമൊക്കെ ചില നല്ല കടകൾ കണ്ടെങ്കിലും അവിടെയൊക്കെ ആൾത്തിരക്കായതിനാൽ കയറാൻ തോന്നിയില്ല. അവിടെയും ദുരഭിമാനം വില്ലനായി. തിരിച്ചുപോയാലോ? പറ്റില്ല; വയർ മറുപടി പറഞ്ഞു. വീണ്ടും നടന്നു. അവസാനം കോട്ടക്കകത്ത് പുരാവസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ ഒരാൾ മാത്രം കസേരയിലിരുന്ന് മയങ്ങുന്നു. എന്തായാലും അവിടെക്കയറി. ശബ്ദം കേട്ട് അയാൾ ഉണർന്നു. "എന്താ? എന്തര് വേണം സാർ?" ഒരു ഇടപാടുകാരനെ കിട്ടിയ സന്തോഷത്തിൽ അയാൾ ചോദിച്ചു. "ഒന്നും വാങ്ങാനല്ല ചേട്ടാ!" ഞാൻ വാച്ചഴിച്ച് അയാൾക്കുനേരേ നീട്ടി കാര്യം അവതരിപ്പിച്ചു. അയാളുടെ മുഖം മാറി. " കൊണ്ടുപോടാ നിൻ്റെയൊരു വാച്ച് ! എവിടന്നു മോട്ടിച്ചതാടാ ഇത്?" അയാൾ ചീറി. അതുകേട്ട് അടുത്തുള്ള കടകളിൽനിന്നും റോഡിൽനിന്നും ആൾക്കാർ അവിടേക്കടുത്തു. "അല്ല..ഞാൻ.. പിന്നെ.." എനിക്കൊന്നും പറയാൻ കഴിയുന്നില്ല. ചുണ്ടുകൾ ഒട്ടിപ്പിടിച്ചപോലെ! "ഇന്നലെയും ഒരുത്തനെ പിടിച്ചു. അവൻ്റെ കൈയിൽ പത്തുപന്ത്രണ്ടെണ്ണമുണ്ടായിരുന്നു. എവമ്മാരൊക്കെ ഒരു ഗാങ്ങാണപ്പാ" കൂടിയവരിൽ ഒരാളുടെ വാക്കുകൾ. എൻ്റെ നെഞ്ച് പടപടാന്നിടിക്കാൻ തുടങ്ങി. ഞാനിപ്പോൾ കരയുമെന്ന മട്ടിലായി. പട്ടിണികിടക്കാതിരിക്കാനിറങ്ങി കള്ളപ്പേരും കേൾക്കേണ്ടി വന്നല്ലോ!സർവ്വദൈവങ്ങളേയും മനംനൊന്ത് വിളിച്ചു. "എൻ്റെ ചേട്ടന്മാരേ! ഞാൻ ഈ സ്ഥാപനത്തിൽ അപ്രൻ്റീസാണ്. ഭക്ഷണം കഴിക്കാൻപോലും കാശില്ലാതെ വന്നതുകൊണ്ടാ ഇതുമായി ഇറങ്ങിയത്." ഞാൻ പോക്കറ്റിൽനിന്ന് സ്ഥാപനത്തിലെ തിരിച്ചറിയൽകാർഡെടുത്തു കാണിച്ചു. ഒന്നുരണ്ടുപേർ അതുവാങ്ങി നോക്കി, തിരിച്ചുതന്നു. "ഇതൊന്നും ഇവിടെ ചെലവാകില്ലടേ; പൊക്കോയിവിടുന്ന് , വെറുതെ തടി കേടാക്കാതെ." എൻ്റെ സത്യസന്ധത ഒരാൾക്ക് ബോധ്യപ്പെട്ടു എന്നുതോന്നുന്നു. വാച്ച് വീണ്ടും കൈയിൽ കെട്ടി ഞാൻ തിരിച്ചുനടന്നു. അല്ല, ഓടി എന്നുതന്നെ പറയാം. കുറെ ദൂരം കഴിഞ്ഞപ്പോൾ എൻ്റെ വയർ പരാതി പറയാൻ തുടങ്ങി. വഴിയിൽകണ്ട ഒരു തട്ടുകടയിൽ എൻ്റെ രണ്ടുരൂപ ഒടുങ്ങി. അടുത്തദിവസം രാവിലെ ഉണർന്നു. തലേന്നത്തെ തട്ടുദോശ അതിൻ്റെ കടമ പൂർത്തിയാക്കി വൻകുടലിൽ കയറി. വിശന്നിട്ടുവയ്യ. അടുക്കളയിൽ ചെന്ന് തെയിലപ്പാത്രം കുടഞ്ഞുനോക്കി. തരിപോലും ബാക്കിയില്ല. കുറെ പച്ചവെള്ളം അകത്താക്കി. ഇങ്ങനെ പട്ടിണികിടക്കാൻ വയ്യ. നാട്ടിൽ പോകണം. അതിനുള്ള കാശുമില്ല. റെയിൽവേയെ കള്ളപ്പേരു കേൾപ്പിക്കാൻ തീരുമാനിച്ചു. കള്ളവണ്ടി എന്നാണല്ലോ പറയുന്നത്. ആരെയെങ്കിലും വിളിച്ച് സഹായം തേടാൻ അന്ന് മൊബൈൽ ഫോണൊന്നുമില്ല. നേരം ഉച്ചയോടടുത്തു. പുറത്ത് സൈക്കിൾബെൽ മുഴങ്ങുന്നു. ആരാണോ ഈ നേരത്ത്? കതകു തുറന്ന് പുറത്തേക്കുചെന്നു. പോസ്റ്റുമാനാണ്. അദ്ദേഹം എൻ്റെ പേര് പറഞ്ഞാണ് അടുത്തേക്കുവന്നത്. ഞാൻ തലകുലുക്കി. " ഒരു മണിയോഡറുണ്ട്, ദാ ഇവിടൊപ്പിട്". അയാൾ ഒരു പേപ്പർ എൻ്റെ നേർക്കുനീട്ടി. എന്താണു സംഭവിക്കുന്നത്!! ഞാനേതോ സ്വപ്നലോകത്താണെന്നുതോന്നി. യാന്ത്രികമായി ഞാനതിൽ ഒപ്പിട്ടു. മണിയോർഡർ ഫോമിൽനിന്ന് കീറിയെടുത്ത ഭാഗത്തോടൊപ്പം അൻപതിൻ്റെ ഒരു നോട്ട് ആ ദൈവദൂതൻ എൻ്റെ നേരേനീട്ടി. ഞാനതുവാങ്ങി കണ്ണിൽച്ചേർത്തു. അയച്ചയാളിൻ്റെ പേരുകണ്ട് ഞാൻ വീണ്ടും ഞെട്ടി! ജ്യേഷ്ഠനാണ്. അതിലൊരു കുറിപ്പും. "ഇതുവരെ നിനക്കൊന്നും തരാൻ കഴിഞ്ഞില്ല. അൻപതുരൂപ അയക്കുന്നു. ആരുമറിയണ്ടാ." ജ്യേഷ്ഠൻ്റെ പേരെഴുതി ഒപ്പിട്ടിരിക്കുന്നു. എന്തുകൊണ്ടോ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്രൻ്റീസ്കാലം കഴിഞ്ഞു. എനിക്ക് സർക്കാർസർവ്വീസിൽ ജോലികിട്ടി. ആദ്യശമ്പളം കിട്ടിയ ദിവസം വീട്ടിലേക്ക് പോകുന്നതിനുമുൻപ് ഞാൻ പോയത് ജ്യേഷ്ഠൻ്റെ വീട്ടിലേക്കാണ്. കാളിംഗ്ബെൽ കേട്ട് ജ്യേഷ്ഠത്തി വന്ന് കതകുതുറന്നു. "എന്താടാ വന്നത്? ചേട്ടൻ ചത്തോന്നറിയാനാണോ?" അവരിൽനിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കാത്തതിനാൽ എനിക്കൊന്നും തോന്നിയില്ല. "ചേട്ടനില്ലേ? ഒന്നു കാണാൻ വന്നതാ." " ചെല്ല്.അകത്തു കെടപ്പോണ്ട്. രാവിലെ തൊടങ്ങിയ കുടിയാ"! അകത്തേ മുറിയിലേക്കു ചെന്നു. അർദ്ധബോധാവസ്ഥയിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കട്ടിലിൽ കിടക്കുന്നു. മുൻപിലെ ടീപ്പോയിൽ കാലിയായ മദ്യക്കുപ്പിയും ഗ്ലാസും. "എന്താ ചേട്ടാ ഇങ്ങനെ? ഇങ്ങനെ സ്വയം നശിക്കാൻ എന്തുണ്ടായി?" ഞാനെൻ്റെ കൂടപ്പിറപ്പിനെ പിടിച്ചെഴുനേൽപ്പിച്ചു. "ഇപ്പോ സസ്പെൻഷനിലാടാ! കുടിച്ചുകൊണ്ട് ജോലിക്കുചെന്നു. അതിന് വഴക്കുപറഞ്ഞ മാനേജരെ തല്ലി. അവരു പറഞ്ഞുവിട്ടു." ജ്യേഷ്ഠത്തിയുടെ വാക്കുകളിൽ കുറ്റപ്പെടുത്തലും സങ്കടവും നിറഞ്ഞിരുന്നു. "ഒരു സൊയിരവുമില്ലഡാ! അതാ ഞാങ്കുടിക്കുന്നേ..അതാ ഞാങ്കുടിക്കുന്നേ..." അതുതന്നെ പറഞ്ഞുകൊണ്ട് വീണ്ടും കട്ടിലിലേക്ക് വീണു. ഞാൻ പോക്കറ്റിൽനിന്ന് പെഴ്സെടുത്ത് ഒരു അൻപതിൻ്റെ നോട്ടും അതിനൊപ്പം നാലഞ്ച് നൂറിൻ്റെ നോട്ടുകളുമെടുത്ത് ആ കൈകളിൽ തിരുകി, മുഖം വീർപ്പിച്ചുനിന്ന ജ്യേഷ്ഠത്തിയെ ശ്രദ്ധിക്കാതെ അവിടെനിന്നിറങ്ങി. " ഏതു ഷോയ്ക്കാ അച്ഛന് പോകേണ്ടത്?" മകൻ്റെ ചോദ്യം എന്നെ ചിന്തയിൽനിന്നുണർത്തി. "ഡാ കുഞ്ഞേ! അൻപതിന് അൻപതിനായിരത്തിൻ്റെ വിലയുണ്ടാകുന്ന ചില സമയങ്ങളുണ്ട്. അത് നിനക്കറിയില്ല. അച്ഛന് ചാർജ് കുറഞ്ഞ തിയേറ്ററിൽ പോയാമതി. അവിടെത്തന്നെ ബുക്കുചെയ്യ്. " " ഈയച്ഛൻ്റെയൊരു കാര്യം!" അവൻ ചിരിച്ചുകൊണ്ട് എന്നെ അനുസരിച്ചു.
രചന,ഹരിപ്പാട് ശ്രീകുമാർ +91 94463 56635
story anbathuroopa