കോട്ടയം: (piravomnews.in) വാഹനം പോകാൻ വഴിയില്ലാത്തതിനെത്തുടർന്ന് കൃത്യസമയത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ ചികിത്സ വൈകിയ വയോധിക മരിച്ചു.
ചുങ്കം വാരിശ്ശേരി ഇടാട്ടുതറയിൽ സഫിയയാണ് (70) കഴിഞ്ഞദിവസം മരിച്ചത്. വാരിശ്ശേരിയിൽ വഴിക്കായി മതിൽ പൊളിച്ചതിനെത്തുടർന്ന് തർക്കമുണ്ടായ സ്ഥലത്താണ് വയോധിയുടെ ജീവൻ പൊലിഞ്ഞത്.
ഇവരുടെ മകൻ ഇ.ബി. നസീനിനെ മതിൽ പൊളിച്ച കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രവേശിക്കുന്നതിൽനിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്. ഇതിനിടെയാണ് മാതാവിന്‍റെ മരണം.
അസുഖബാധിതയായി മാസങ്ങളോളമായി കിടപ്പിലായിരുന്നു സഫിയ. ഞായറാഴ്ച രാവിലെ 11ഓടെ രോഗം മൂർച്ഛിക്കുകയും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മകൻ കേസുമായി ബന്ധപ്പെട്ട് എത്താനാവാത്ത അവസ്ഥയായതോടെ അയൽവാസികൾ ചേർന്ന് കസേരയിൽ ഇരുത്തി പൊക്കിയെടുത്താണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മതിൽ പൊളിച്ച വഴിയുടെ സമീപത്തുവരെ മാത്രമാണ് വാഹനം എത്തിയിരുന്നത്. നടപ്പുവഴി മാത്രമുള്ള പ്രദേശത്തുകൂടി പൊക്കിയെടുത്താണ് വഴിയിൽ കിടന്ന വാഹനത്തിൽ എത്തിച്ചത്.
മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളുകൾ ചേർന്ന് സ്ട്രെച്ചറിൽ ചുമന്നാണ് സംസ്കാരത്തിനും മറ്റും മൃതദേഹം വീട്ടിലെത്തിച്ചത്.
വഴിക്കായി പ്രദേശത്തെ മതിൽ പൊളിച്ചത് വിവാദമാവുകയും തുടർന്ന് നാലുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
#There is no way for the #vehicle to go; #Elderly #woman #died due to #delayed #treatment