തൊടുപുഴ : (piravomnews.in) മുൻ ദേശീയ വോളിബോൾ താരവും കരിമണ്ണൂർ നെയ്യശേരി വലിയപുത്തൻപുരയിൽ(ചാലിപ്ലാക്കൽ) സി കെ ഔസേഫ്(78) അന്തരിച്ചു.
ശനി വൈകിട്ട് നാലോടെയാണ് മരണം. നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോൾ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സതേൺ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതൽ എഫ്‌എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവർഷം കേരളത്തിനുവേണ്ടി കളിച്ച ഔസേഫ് 1970 കളിൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞു.
രണ്ടുവർഷം ഇന്ത്യയ്‍ക്കായി കളിച്ചു. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു. മൂന്നുവർഷം ജോലി ബാക്കിനിൽക്കേ എഫ്എസിടിയിൽനിന്ന് വിആർഎസ് എടുക്കുകയായിരുന്നു.
സംസ്‍കാരം ബുധൻ പകൽ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: ജോർജ്, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്‌റ്റർ മേരി കുര്യാക്കോസ്, ഏലിക്കുട്ടി.
#Former #national #volleyball #player #CKYousef #passed #away