കഥ; അഗ്രഹാരത്തിലെ ചെങ്കനൽ

കഥ; അഗ്രഹാരത്തിലെ ചെങ്കനൽ
Jul 7, 2024 07:19 PM | By mahesh piravom

കഥ...അഗ്രഹാരത്തിലെ ചെങ്കനൽ

ചെങ്കനൽ കൈയില്‍ ഉയർത്തി പിടിച്ച വെട്ടുകത്തിയുമായി ദമയന്തി അലറി. "എന്നെ തൊട്ടാൽ ഞാൻ വെട്ടും.. ഇല്ലങ്കിൽ ഈമുററത്ത് ഞാൻ സ്വയം വെട്ടി മരിക്കും. ഇത് എന്റെയും അവസാന വാക്കാണ്." അഗ്രഹാരത്തിലെ വെങ്കിട അയ്യരുടെ വീട്ടുമുറ്റത്ത് ആണ് ദമയന്തി നിന്ന് വെളിച്ചപ്പെടുന്നത്. എതിരെ ഉള്ള വീടിന്റെ ഉമ്മറത്തിരുന്നു സോമനയ്യർ അതു കാണുന്നുണ്ടായിരുന്നു. ദമയന്തിയെ ഒൻപതാം വയസ്സില്‍ വെങ്കിടിഅയ്യരുടെ മകന്‍ സുദാമ പരിണയം ചെയ്തു കൊണ്ടു വന്നതാണ്. അന്ന് മുതല്‍ സോമനയ്യർ അവളെ കാണുന്നതാണ്. സുദാമയുടെ പ്രായം അന്ന് നാല്പത്തിഅഞ്ചായിരുന്നു. ആദ്യത്തെ രണ്ട് വേളകളിലെ ഭാര്യമാരും മരിച്ചതിനെപ്പററി ഒരു പാട് കഥകൾ ഗ്രാമത്തിൽ പ്രചരിച്ചിരുന്നു. അങ്ങിനെ ആണ് അടുത്ത വേളിക്ക് പെണ്ണുകിട്ടാതെ ചിറ്റൂര്‍ നിന്ന് ഒരു ദരിദ്ര കുടുംബത്തില്‍ നിന്നും രണ്ടു കണ്ടം നെൽപാടവും നൂറു രൂപയും കൊടുത്തു ദമയന്തിയെ വെങ്കിടി അയ്യർ സുദാമയുടെ മൂന്നാമത്തെ വേളിയായി കൊണ്ടുവന്നു.

അന്നുമുതൽ അവൾ പാട്ടിയമ്മ ഭാഗ്യത്തിന്റെ കൂടെ ചായ്പ്പ് മുറിയിലായിരുന്നു ഉറക്കം. ക്രമേണ വെങ്കിടിഅയ്യർ കിടപ്പാവുകയും സുദാമ കാര്യക്കാരനാവുകയും ചെയ്തു. പതിനാലാം വയസ്സില്‍ വയസ്സറിയിച്ചു ദമയന്തി. ഏഴാം കുളികഴിഞ്ഞ് ശാന്തി മുഹൂർത്തത്തിൽ അവൾ സുദാമയുടെ കിടപ്പറയിലേക്ക് കയറി ചെല്ലേണ്ടിവന്നു. ആ അൻപതുകാരന്റെ ശരീരവും വീട്ടുജോലികളും എത്തിനോക്കാൻ തുടങ്ങിയ ദാരിദ്ര്യവും ദമയന്തിയെ കഷ്ടപ്പെടുത്തി. ഇടക്ക് അവൾ സോമനയ്യരുടെ ഉമ്മറതിണ്ണയിൽ എത്തും. "മാഷേ ഞാൻ എവിടെ എങ്കിലും ഓടി പോകും എതുക്ക് ഇതുമാതിരി...." അയാള്‍ സമാധാനിപ്പിക്കും "കവലപ്പെടാതെ ദമയന്തി. എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ അല്ലെങ്കില്‍ ഇതിലും കഷ്ടമായി ബുദ്ധിമുട്ടുകൾ ഉണ്ട്" "ഞാനും ഒരു പെണ്ണ് താനെ. എനക്കും ആസയിറുക്ക്. ഒരു പട്ട്പുടവൈ... ഒരു മുഴം മുല്ലമാലൈ.. ഒന്നിച്ചു കോവിലിൽ.. അയാള്ക്ക് ഞാൻ പത്നി താനെ? മാഷെ വയറ് എരിയുകയാ. പട്ടിണിയാ.. തെരിയുമാ ഉങ്കളക്ക്? ചമയൽ ഇല്ല. ശാപ്പാട് ഇല്ല.. " " അപ്പോള്‍ സുദാമ വീട്ടുചിലവൊന്നും നോക്കുന്നില്ലേ ദമയന്തി? " " ഒരുസേർ അരി. അത് രണ്ട് ദിവസത്തേക്ക്. വെന്ത സാദം മുഴുവൻ അയാള്‍ കഴിക്കും. ചീരചപ്പോ മുരിങ്കാകായ് വേവിച്ചതോ മതി. അതേ ഉള്ളു. ബാക്കി സാദം വെള്ളം ഒഴിച്ച് കലക്കി അമ്മാവൂക്കും അപ്പാവുക്കും. എനിക്ക് എന്നും കഞ്ഞിവെളളമോ പപ്പായ പുഴുങ്ങിയതോ. മാഷെ അങ്കണത്തിൽ കോലമിടാൻ അരിപ്പൊടി പോലും ഇല്ല.. " ഇടക്ക് കാപ്പിപൊടിയൊ പഞ്ചസാരയോ അരിയോ സോമനയ്യർ കൊടുക്കും. അദ്ദേഹത്തിനും വരുമാനം കുറവാണ്. അഗ്രഹാരത്തിലെ ചിലകുട്ടികളെ പൂജാവിധികള്‍ പഠിപ്പിക്കലാണ് ജോലി. അഗ്രഹാരത്തില്‍ പൊതുവേ ദാരിദ്ര്യം കൊടികുത്തി വാഴാൻ തുടങ്ങിയിരിക്കുന്നു. ബ്രാഹ്മണ്യം പറഞ്ഞ് ജോലിക്ക് പോകാത്ത ഒരു തലമുറ. അവർ മക്കളെ പുറത്തുവിട്ട് പഠിപ്പിക്കാന്‍ കൂടി വിസമ്മതിച്ചു. അന്ധവിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു വെച്ചിരിക്കയാണ്. അങ്ങിനെ ഒരുദിവസം സുദാമ രക്തം ഛർദ്ദിച്ചു മരിച്ചു. ദമയന്തി വിധവയായി. അഗ്രഹാരത്തിലെ നിയമം ആ ഇരുപതുകാരിയുടെ മുടി മൊട്ടയടിച്ചു. ജീവിതത്തിൽ നിന്നും വർണ്ണങ്ങളെ ആട്ടിപായിച്ച് കോറചേല ഉടുപ്പിച്ചു. അകത്തളത്തിൽ പട്ടിണികിടന്ന് ചാകാറായ സുദാമാവിന്റെ അപ്പനും അമ്മക്കും ഇത്തിരി കഞ്ഞി എങ്കിലും കൊടുക്കാനായി മൊട്ടതലയിലൂടെ വെള്ളചേല മൂടി ദമയന്തി അഗ്രഹാരത്തിനുപുറത്തെ ബ്രാഹ്മണ ഇല്ലങ്ങളിൽ ചമയലിന് പോയിത്തുടങ്ങി. അവളുടെ കൈപ്പുണ്യം ആഹാരങ്ങൾക്ക് ഒരു പ്രത്യേക സ്വാദ് നല്കിയപ്പോൾ സ്വന്തം വീട്ടിലും അടുപ്പുകത്താനും അപ്പനും അമ്മയും ഭക്ഷണവും മരുന്നും കഴിച്ചു കിടക്ക വിട്ട് എണീറ്റിരിക്കാനും തുടങ്ങി. അതോടെ അവരുടെ പ്രാകൃത മനസ്സിലേക്ക് ദുരാചാരങ്ങൾ ചുരമാന്താനും തുടങ്ങി. ആരോ ഉപേക്ഷിച്ചു പോയ, അഗ്രഹാരത്തിലെ ഒരു വീട്ടിലേക്ക് ഒരുനാൾ ശ്രീനിവാസന്‍ എന്ന കമ്മത്ത് താമസിക്കാനെത്തി. ആരോപറഞ്ഞറിഞ്ഞ് കമ്മത്ത് ദമയന്തിയെ പാചകത്തിന് സഹായിയായി വിളിച്ചു ശ്രീനിവാസന്‍ നഗരത്തിലെ ഒരു അച്ചാറ് കമ്പനിയുടെ ഉടമയായിരുന്നു. ദമയന്തി പാചകം കഴിഞ്ഞു വീടും അടിച്ചു തുടച്ചേ പോകുമായിരുന്നു "ദമയന്തി കാലം മാറിയതൊന്നും ഈ അഗ്രഹാരത്തിലെ ആളുകള്‍ അറിഞ്ഞിട്ടില്ലേ. താന്‍ ചെറുപ്പമല്ലേ... ഇങ്ങിനെ മുടിയൊക്കെ വടിച്ച് വെളളസാരിയും ഉടുത്ത് നടക്കണോ" "ഇതുതാനെ എൻ വിധി. വിധവയല്ലേ. നമ്മ ആചാരം വിധിച്ചത് ഇതുതാനെ" "താന്‍ മധുരം കഴിക്കില്ല. കാരണം വിധവയാണ്. നിറമുളള വസ്ത്രം ധരിക്കില്ല. വിധവയാണ്. ഒരു പെൺകുട്ടിയെ പോലെ വളകളണിയാനും പൊട്ടുകുത്താനും തനിക്ക് മോഹമില്ലേ... " അങ്ങിനെ അവളുടെ മനസ്സിലേക്ക് അയാളുടെ ഉപദേശങ്ങള്‍ മഴവില്ല് വർണ്ണങ്ങൾ ചിതറിയ സാരിയായും കണ്ണെഴുതി പൊട്ടുകുത്തി മയിലാഞ്ചിയും കൈവളകളുമണിഞ്ഞ മോഹങ്ങളായും ചേക്കേറി. പതിയെ വിഭാര്യനായ അയാളുടെ മനസ്സിലേക്കും അവൾ എത്തിനോക്കി. ഒരു ദിവസം സാപ്പാണം പുകയിലയും വാസനപാക്കും തളിർ വെറ്റിലയുമായി ശ്രീനിവാസകമ്മത്ത് ദമയന്തിയുടെ വീട്ടിലേക്ക് കയറിച്ചെന്നു. "ഞാൻ ഒരു ആഗ്രഹം പറയാനാണ് വന്നത്" സ്വയം പരിചയപ്പെടുത്തികഴഞ്ഞ് ശ്രീനിവാസകമ്മത്ത് കാര്യത്തിലേക്ക് കടന്നു. "ദമയന്തിയെ എനിക്ക് വിവാഹം ചെയ്തു തരണം. അവളേയും നിങ്ങളെയും ഞാൻ സംരക്ഷിച്ചുകൊളളാം" വെങ്കിടി പതിയെ വടികുത്തി എഴുന്നേറ്റു. "പോടാ... ഈ അഗ്രഹാരത്തിൽ വന്ത് വെങ്കിടിഅയ്യരുടെ മകന്റെ വിധവയെ കല്ല്യാണം പണ്ണറതുക്ക് സമ്മതം ചോദിക്കാന്‍ എപ്പടി ധൈര്യം കിടച്ചത് ഉനക്ക്" കൂടെ വെറ്റിലയും പാക്കും മുറ്റത്തേക്ക് തട്ടിതെറിപ്പിച്ചു. " ആ കുട്ടിയെ എനിക്ക് ഇഷ്ടമാണ്. അവൾക്ക് എന്നെയും അഗ്രഹാരത്തിലെ ആണുങ്ങള്‍ നാലും അഞ്ചും വിവാഹങ്ങൾ നടത്തുമ്പോൾ പെൺകുട്ടികളെ തലമൊട്ടയടിച്ച് നല്ല ആഹാരങ്ങളും വസ്ത്രങ്ങളും വിലക്കി കൊല്ലാക്കൊല ചെയ്യുന്നത് നീതിയാണോ?" "ബ്രാഹ്മണനെ നീതി നീ പഠിപ്പിക്കേണ്ട. ശീഘ്രം പോ." " അപ്പാ.. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. പോകാന്‍ പറയരുതേ. " വാതിൽക്കൽ ദമയന്തി വന്നു നിന്നു.

വെങ്കിടി ശകുനിയെപോലെ ഒരു വഴി മനസ്സില്‍ കണ്ടു. " കമ്മത്തേ നീങ്ക പോ. ആലോചിക്കവേണം എനക്ക് കുടുബവും സമുദായവുമായി " കമ്മത്ത് തീർത്തു പറഞ്ഞു. " ഇന്ന് ശനി. ഞാൻ തിങ്കളാഴ്ച രാവിലെ വരും. ദമയന്തി തന്നോടു കൂടിയാണ് പറയണത്" അയാള്‍ നടന്നകന്നു. വെങ്കിടിയുടെ വീട്ടില്‍ ചർച്ചകളായി. ചെറുപ്പക്കാർ ശരിവെച്ചതൊക്കെയും വൃദ്ധജനങ്ങൾ ഖണ്ഡിച്ചു. അനാചാരങ്ങളുടെ ലഹരിയിലായിരുന്നു അവർ. തിരുമാനമായി. ഈ വിവാഹം നടക്കരുത്. രണ്ടാമത് ഭർത്താവിനെ മറന്നു അന്യനൊരുവനെ കാമിച്ച ദമയന്തിയെ പടിയടച്ചു പിണ്ഡം വെച്ച് മുഖം പുളളികുത്തി പറയർക്ക് കൊടുക്കുക!!!! തിങ്കളാഴ്ച രാവിലെ കുളികഴിഞ്ഞ് ദമയന്തി അറയിൽ കയറി കതകടച്ചു. ആചാരങ്ങൾക്കായി പിണ്ഡവും ബലി വസ്തുക്കളും ഒരുങ്ങി സമുദായ നേതാക്കള്‍ അവളെ വിളിച്ചു. വരാം എന്നല്ലാതെ മറുമൊഴി ഉണ്ടായില്ല. പുറത്ത് കുറേ ചെറുപ്പക്കാര്‍ക്കൊപ്പം ശ്രീനിവാസന്‍ എത്തി. അയാളുടെ ശബ്ദം കേട്ടപ്പോള്‍ ദമയന്തി പുറത്തേക്ക് വന്നു. കാരണവൻമാർ വായും പൊളിച്ചു നിന്നു. കല്ല്യാണത്തിന് അവളുടെ അപ്പന്‍ ഉടുപ്പിച്ച നാർമടിപുടവയായ കാഞ്ചീപുരം പട്ട് ഞൊറിഞ്ഞുടുത്ത് കനകാമ്പരപൂമാല ഇത്തിരി വളർച്ചയെത്തിയ മുടിയിൽ ചൂടി, കണ്ണെഴുതി ചുവന്ന പൊട്ടുകുത്തി കൈകളിൽ കുപ്പിവളകളിട്ട് നിറച്ചാർത്തുപോലെ ദമയന്തി.. ഒരാള്‍ അവളുടെ മുന്നില്‍ വന്നു ഗർജിച്ചു. വന്നു മുറ്റത്ത് ഇരിക്ക് ബലിചോറ് തിന്നു പടിക്കല്‍ നിക്കണ പറയന്റെ വസ്ത്രം പിടിച്ച് അഗ്രഹാരത്തിന് പുറത്തിറങ്ങി ആരുടെ കൂടെയാച്ചാപോ. പക്ഷേ പിണ്ഡം വെക്കണം " ആരോ ഇല മുറിക്കാനോ മറ്റോ കൊണ്ടു വെച്ച വെട്ടുകത്തി തിണ്ണയില്‍ നിന്ന് ഒരു കുതിപ്പിന് ദമയന്തി കൈക്കലാക്കി. " എന്നെ പിണ്ഡം വെക്കകൂടാത്.. ഞാന്‍ ശവമല്ല. ഞാൻ ചത്ത പശുവല്ല പറയന് കൈമാറാന്‍. എന്നെ തൊട്ടാൽ വെട്ടും ഞാൻ.. " അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും ശ്രീനിവാസനോടൊപ്പം ചെറുപ്പക്കാരായ സ്ത്രീ പുരുഷൻമാരുടെ ഒരു പട തന്നെ മുന്നോട്ടു വന്നു. അവിടെ വെച്ച് കൈയില്‍ കരുതിയിരുന്ന താലി കമ്മത്ത് അവളുടെ കഴുത്തിൽ ചാർത്തി. പുതിയൊരു ചുവന്ന കാഞ്ചീപുരം പട്ടുസാരി പുടവ നല്കി. ആ അഗ്രഹാരത്തില്‍ ഒരു പുതിയ സൂര്യനുദിച്ചു

വത്സല നിലമ്പൂർ +91 88487 36584

story agraharathile chenkkanal

Next TV

Related Stories
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
കഥ; തോൽപ്പാവ

Jul 28, 2024 08:48 PM

കഥ; തോൽപ്പാവ

പപ്പാ, തുറന്നിട്ട ഈ ജനലിനരുകിലെ മേശമേൽ ഇരിക്കുന്ന ബെഡ് ലാംപ് തെളിച്ചും, കെടുത്തിയും ഞാൻ ഏറെനേരമായിരിക്കുന്നു. പുറത്തു തണുത്തകാറ്റിനെ...

Read More >>
കഥ; ആത്മാക്കളുടെ യാത്ര

Jul 26, 2024 07:23 PM

കഥ; ആത്മാക്കളുടെ യാത്ര

എത്ര വർഷങ്ങൾക്കുശേഷമാണ് താങ്കൾ ഭൂമിയിലേക്ക് വരുന്നത്? "വർഷങ്ങൾ കുറെയായി" ഞാൻ മരണപ്പെടുമ്പോൾ എന്റെ ഭാര്യ ചെറുപ്പമായിരുന്നു,രണ്ടു കുട്ടികൾ. ഒരാണും,...

Read More >>
Top Stories










Entertainment News