ചെറുകഥ... സ്നേഹാലയം
കലണ്ടറിൽ നോക്കിയിട്ട് അച്ഛൻ നെടുവീർപ്പിട്ടു. അതിലെ ല്ലാമുണ്ട്, തലയുയർത്തി നോക്കിയിട്ട് പ്രേമലത തന്റെ തയ്യൽ തുടർന്നു. അമ്മയുടെ ആണ്ടിന് അനാഥാലയത്തിൽ അന്നം കൊടുക്കുന്ന പതിവുണ്ട്. അച്ഛന്റെ ഓർമ്മപ്പെടുത്തലാണത്.. സ്നേഹലയത്തിന്റെ വേറൊരു ബ്രാഞ്ച് വീടിനടുത്തു തുടങ്ങിയെന്നു രാധേച്ചി പറഞ്ഞിരുന്നു ഈ പ്രാവശ്യം അന്നദാനം അവിടെയാക്കാം. നാഥൻ സാറിനാണ് ഇപ്പോൾ അതിന്റെ ചുമതല. കോളേജിലെ കൈയെഴുത്തു മാസികയിൽ പ്രധാനിയായിരുന്നു സാർ. സ്നേഹാലയത്തിന്റെ വലിയ ഗേറ്റ് കടക്കുമ്പോഴും ആകാംഷയായിരുന്നു. എത്രയോ വർഷങ്ങളായി ഇങ്ങനെയുള്ള കാഴ്ചകൾ. അവിടുത്തെ നീളനിടനാഴിയിലൂടെ നടക്കുമ്പോൾ സ്വീകരിക്കാനെത്തിയ ഒരു പെൺകുട്ടിയോട് വിവരങ്ങൾ തിരക്കി. അവൾ അവിടുത്തെ കാര്യങ്ങൾ വിശദീകരിച്ചു. അപ്പോഴാണ് അവിടെ സിമന്റ് ബെഞ്ചിൽ അറുപത് വയസ്സ് പ്രായം തോന്നിക്കുന്നൊരാൾ ഇരിക്കുന്നത് കണ്ടത്.അടുത്ത് വളരെ പ്രായം ചെന്ന ഒരമ്മയും. ആ അമ്മ കൈയിലുള്ള പ്ലാസ്റ്റിക് കവറിൽ എന്തൊതിരയുന്നു. ങ്ഹീ.....ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെയിരുന്ന മനുഷ്യൻ കരയുകയാണ്... കവിളുകൾ ഒട്ടി, പല്ലുകൾ കൊഴിഞ്ഞതാണ് ഒട്ടുമിക്കതും. അതിനിടെ ബിസ്കറ്റ് കഴിക്കുന്നുമുണ്ട്. "ഭാസ്‌ക്കരേട്ടാ എന്തിനാ കരയുന്നെ...." കൂടെ വന്ന കുട്ടി ചോദിച്ചു. അപ്പോൾ തലയുയർത്തി ഒന്ന് നോക്കിയിട്ട് വീണ്ടും ബിസ്കറ്റിലേക്കായി ശ്രദ്ധ. ഭിന്നശേഷിക്കാരനായ ഭാസ്ക്കരൻ സ്നേഹാലത്തിന്റ ഭാഗമായിട്ട് പതിനഞ്ച് വർഷമായി. അയാളെ അവിടെ ഏല്പിക്കുമ്പോൾ ജ്യേഷ്ഠനുമുണ്ടായിരുന്നു കൂടെ. പിന്നീട് അയാളെ കാണാൻ വരുന്നത് അമ്മ മാത്രമായി. ജ്യേഷ്ഠ കുടുബത്തിന് അയാളൊരു ഭാരമായി. അമ്മ കവറിൽ നിന്ന് തപ്പിയെടുത്ത കുപ്പിയിൽനിന്ന് കുഴമ്പ് അയാളുടെ കാലിൽത്തിരുമ്മി കൊടുക്കുകയാണ്. ഭാസ്ക്കരൻ കൊച്ചുകുട്ടിയെപ്പോലെ ഇടക്ക് കരയുന്നുമുണ്ടായിരുന്നു. ഇടയ്ക്ക് ചോദിച്ചു "അമ്മയ്ക്ക് പെൻഷൻ കിട്ടിയോ?? ഇനി വരുമ്പോ പരിപ്പുവട കൊണ്ടുവരണേ.." ആ അമ്മ നിർവികാരയായി എല്ലാവരെയുമൊന്ന് നോക്കി. വീണ്ടും തടവി കൊടുക്കുന്നു... നാഥൻ സാറിനെയും കണ്ട് ഓഫീസിൽ നിന്നിറങ്ങി. വിസിറ്റിംഗിന് നിശ്ചിതസമയമുള്ളതുകൊണ്ട് ബാക്കിയാരെയും കാണാൻ കഴിഞ്ഞില്ല. അവിടുത്തെ ഓരോ മതിൽക്കെട്ടുകൾക്കും ഭാസ്ക്കരേട്ടന്റെ പോലെ കഥകളുണ്ടാകും. ഇനി വരുമ്പോൾ കഥകൾകേൾക്കാമെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പ്രേമലത ആ വലിയ ഗേറ്റിന് വെളിയിലിറങ്ങി. വെറുതെയൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ മുകളിലത്തെനിലയിലെ പല ജന്നാലകളിലൂടെ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും കുറേ കണ്ണുകൾ അവരെനോക്കി കൈകൾ വീശുന്നു.... ആ കാഴ്ചകൾ മങ്ങിയതായിരുന്നു.. കാരണം നിറഞ്ഞൊഴുകുന്ന കണ്ണുകൾ... അനാഥർക്ക് നാഥയാകാൻ താനുമുണ്ടാകും എന്നോർത്തുകൊണ്ട് അവർ വേഗത്തിൽ നടന്നു.... ജയശ്രീ പ്രസാദ് ഡൽഹി.
story snehalayam