---
title: " #flight | വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം;  രോ​ഗിക്ക് പുതുജീവനേകി മലയാളി ഡോക്ടർ"
english_title: "#Sickness #during #flight;  #Malayali #doctor gave new #life to the #patient"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217406/sickness-during-flight-malayali-doctor-gave-new-life-to-the-patient"
published_at: "2024-07-05T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66873769d29c5_flight.jpg"
keywords: []
---

#  #flight | വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം;  രോ​ഗിക്ക് പുതുജീവനേകി മലയാളി ഡോക്ടർ

> **Lead Summary:** **ആലുവ :** വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിക്ക് പുതുജീവനേകി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർ.

## Article Content

**ആലുവ :** വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിക്ക് പുതുജീവനേകി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർ.

രോഗിക്ക് രക്ഷയൊരുക്കാൻ ഡോക്ടറെ സഹായിച്ചത് കൈയിലുണ്ടായിരുന്ന സ്മാർട്ട് വാച്ച്. ചൊവ്വ രാത്രി ഡൽഹിയിൽനിന്ന്‌ സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ അമ്പത്താറുകാരിക്കാണ് യാത്രയ്‌ക്കിടെ കടുത്ത തലകറക്കവും ആവർത്തിച്ചുള്ള ഛർദിയും ഉണ്ടായത്.

വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്ന ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി കുരുട്ടുകുളമാണ് രോ​ഗിക്ക്‌ രക്ഷയായത്. തിരിച്ചറിയല്‍ കാര്‍ഡ് വിമാന അധികൃതരെ കാണിച്ച് ഡോ. ജിജി, രോഗിയെ നിലത്ത് കിടത്താൻ നിർദേശിച്ചു.

ത​ന്റെ സ്മാര്‍ട്ട് വാച്ച് ഉപയോ​ഗിച്ച് പരിശോധിച്ചപ്പോള്‍ രോഗിയുടെ ഓക്‌സിജൻ സാച്ചുറേഷൻ കുറവാണെന്നും രക്തസമ്മർദം കൂടിയതായും കണ്ടെത്തി. വിമാനത്തിലെ മെഡിക്കൽ കിറ്റിൽനിന്ന്‌ മരുന്നുകൾ ഡോക്ടർ നൽകിയതോടെ യാത്രക്കാരി സുഖപ്പെട്ടു.

വിമാനം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചെങ്കിലും രോ​ഗിയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനാല്‍ ആ തീരുമാനം മാറ്റി. സാൻഫ്രാൻസിസ്കോയിൽ എത്തിയ രോ​ഗിയെ മെഡിക്കൽ സംഘം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇവര്‍ സുഖംപ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡോ. ജിജി വി കുരുട്ടുകുളത്തിനെ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും ക്യാപ്റ്റനും നന്ദി അറിയിച്ചു.

ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നൽകി. ഒമ്പതുവർഷമായി രാജഗിരി ആശുപത്രിയിൽ ന്യൂറോളജിവിഭാഗം മേധാവിയാണ് ഡോ. ജിജി വി കുരുട്ടുകുളം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217406/sickness-during-flight-malayali-doctor-gave-new-life-to-the-patient)