കവിത.... ആരാണു കുറ്റവാളി
എം.പ്രകാശ്. അടൂർ , സൂര്യബിംബം കിഴക്കുദിച്ചേ , കിഴക്കുദേശം ചുവപ്പണിഞ്ഞേ ചുവപ്പുരാശിയിൽ കിളിചിലച്ചേ കിളികളെല്ലാം ചിറകടിച്ചേ . ചിറകടിച്ചങ്ങനെ കാടിളക്കി. കാടിളക്കിയൊരുകരിയിറങ്ങി. കരികലക്കിയ പുഴയൊഴുകി. പുഴയിൽ, ഓളങ്ങൾപാട്ടുപാടി . പാട്ടുപാടാൻ കുയിലുമെത്തി. കുയിലു രാഗംനീട്ടിമൂളി . രാഗംതേടി മയിലുമെത്തി. മയിലു നല്ലൊരു നൃത്തമാടി. നൃത്തവേദിയിൽ മഴപൊടിഞ്ഞു. മഴയ്ക്കുകൂട്ടായ്, കാറ്റടിച്ചു. കാറ്റിലാടി പൂവിടർന്നു. പൂവിനുള്ളിൽ മധുനിറഞ്ഞു . മധുവുംതേടി ശലഭമെത്തി. ശലഭം പൂവിലെ തേൻകുടിച്ചു. തേൻകുടിച്ചു മയക്കമായി. മയക്കമൊരു സ്വപ്നംനല്കി. സ്വപ്നത്തിലാകെ പൂന്തോട്ടമാണ്. പൂന്തോട്ടമാകെ പൂക്കൾനിറഞ്ഞു. പൂക്കളിറുക്കാൻ സുന്ദരിവന്നു. സുന്ദരിയിവിടെ സൗരഭ്യം തൂകി. സൗരഭ്യമേറ്റ ശലഭമുണർന്നു. ശലഭമവളെ മോഹിച്ചുപോയി. മോഹമായ് സുന്ദരിമുന്നിലെത്തി. സുന്ദരിപ്പെണ്ണിന്റെ ചുണ്ടുചുവന്നു. ചുണ്ടുനിറയെ തേൻകണംകണ്ടു. തേൻകണം നുകരാനുള്ളംതുടിച്ചു. ഉള്ളത്തിലവളോടു പ്രേമമുദിച്ചു. പ്രേമത്താലൊരു മുത്തംകൊടുത്തു. മുത്തംകൊടുത്തതു ധിക്കാരമല്ലെ ? ധിക്കാരിപ്പയ്യന്റെ ചിറകിൽപ്പിടിച്ചു. ചിറകുകൾ രണ്ടും കൂട്ടിക്കെട്ടി. കെട്ടിമുറുക്കിയാസുന്ദരിപ്പെണ്ണ്. സുന്ദരിപ്പെണ്ണിനു മുത്തം കൊടുത്ത പൂമ്പാറ്റപ്പയ്യനോ കുറ്റവാളി? കുറ്റവാളിയെ കണ്ടെത്തൂകൂട്ടരെ, കണ്ടെത്താൻ നമുക്കൊന്നിച്ചിടാം
poem, aaranu kuttavali