- കവിത.... ഇരുട്ടിൻസ്വത്വം
- ഇരുട്ടായെൻമിഴിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോ-
- ളിരുട്ടെല്ലാം മറഞ്ഞെന്നിൽ വെളിച്ചക്കാലം.
- ഇരുട്ടായെൻചെവിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോൾ
- ശ്രുതിത്താളം മറന്നേതോ പടത്താളങ്ങൾ.
- ഇരുട്ടാമെൻവയറ്റത്തായ് വെളിച്ചം വന്നടിച്ചപ്പോൾ
- കുതിച്ചേറും മഹാവ്യാധിപ്പരക്കംപാച്ചിൽ.
- ഇരുട്ടായെൻതലയ്ക്കുള്ളിൽ വെളിച്ചം വന്നിരച്ചപ്പോൾ
- നരച്ചോരെപ്പറിച്ചെങ്ങോ വളർത്താൻ വിട്ടേ.
- ഇരുട്ടാകുംകവിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോ- ളൊഴുക്കേറും
- പുഴയ്ക്കെല്ലാം ചിറപ്പാലങ്ങൾ.
- ഇരുട്ടായെൻഭുവിക്കുള്ളിൽ
- വെളിച്ചം വന്നടിഞ്ഞപ്പോൾ
- ജപിക്കുന്നോർക്കിടയ്ക്കെല്ലാം മതിൽകെട്ടുന്നോർ.
- ഇരുട്ടായെൻവനംമൊത്തം വെളിച്ചം വന്നടിച്ചപ്പോ-
- ളൊലിക്കുമ്പോൾ പിടിക്കും വേരുണക്കപ്പൂതൽ.
- ഇരുട്ടായെൻമടിക്കുത്തിൽ വെളിച്ചം വന്നടിച്ചപ്പോൾ
- കുതിച്ചോടും മുറിക്കുള്ളേ അനാഥത്താളം.
- ഇരുട്ടായെൻവിളയ്ക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോൾ
- കറുപ്പില്ലാ വെളുത്തോർക്കായ് വിലക്കമ്പോളം.
- ഇരുട്ടായെൻകടം തീർക്കാൻ വെളിച്ചം
- വന്നണഞ്ഞപ്പോൾ കഴുത്തോളം ജലം പിന്നെക്കുരുക്കിൻസ്ഥാനം.
- ഇരുട്ടായെൻമനസ്സെല്ലാം വെളിച്ചത്തിൽ പുതഞ്ഞപ്പോ-
- ളിരുട്ടോ ഞാൻ മറക്കുന്നീ കറുപ്പിൻസ്വത്വം. ദിനേഷ് ചൊവ്വാണ
poem eruttinswatham