---
title: "#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു"
english_title: "#DCC knelt down before #MLA's #threats; all #expelled group A #members were #taken #back"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/200526/dcc-knelt-down-before-mlas-threats-all-expelled-group-a-members-were-taken-back"
published_at: "2024-04-23T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662735ddcd861_death.jpg"
keywords: []
---

# #Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

> **Lead Summary:** **തൃക്കാക്കര :** എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി.

## Article Content

**തൃക്കാക്കര :** എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി.

എറണാകുളം ഡിസിസി നടപടിയെടുത്ത്‌ പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്ത ഡിസിസിയുടെ നടപടിയിൽ ഐ വിഭാഗത്തിനുള്ളിൽ കടുത്ത അമർഷം.

ജില്ലാ കോൺഗ്രസ് പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിനെ ഓഫീസിൽ കൈയേറ്റം ചെയ്‌ത യൂത്ത് കോൺഗ്രസ് നേതാവ് പി എൻ നവാസ്‌ പാർടിയിൽ തിരിച്ചെത്തി വീണ്ടും തൃക്കാക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റായി സ്ഥാനമേറ്റു.

തൃക്കാക്കരയിൽ എ ഗ്രൂപ്പിനെയും തന്നെയും ഡിസിസി പ്രസിഡന്റ് നിരന്തരം അവഗണിക്കുന്നതായി പരാതി പറയാൻ ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോഴാണ്‌ സംഘർഷമുണ്ടായത്‌.

ഇതിനിടെ ഉമ തോമസിനൊപ്പമുണ്ടായിരുന്ന എ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്യുകയായിരുന്നു. കൈയേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എൻ നവാസ്, നിസാമുദീൻ എന്നിവരെ ഡിസിസി പാർടിയിൽനിന്ന്‌ പുറത്താക്കിയിരുന്നു.

പുറത്താക്കിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം ജാഥ നടത്തി ഉമ തോമസ് ഡിസിസി പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു.

പിണങ്ങിനിൽക്കുന്ന ഉമ തോമസ് എംഎൽഎയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂടെനിർത്തുന്നതിനാണ് പുറത്താക്കിയ യൂത്ത് കോൺഗ്രസുകാരെ തിരിച്ചെടുത്ത്‌ സ്ഥാനം ഏൽപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടത്‌.

നവകേരള സദസ്സിൽ പങ്കെടുത്തതിന് ഐ ഗ്രൂപ്പിന്റെ പരാതിയിൽ പുറത്താക്കിയ തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ എം എസ് അനിൽകുമാറിനെയും നേരത്തേ തിരിച്ചെടുത്തിരുന്നു. തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റുമായി തെരുവിൽ ഏറ്റുമുട്ടിയ എ ഗ്രൂപ്പിലെ ഇടച്ചിറ ബൂത്ത് പ്രസിഡന്റ്‌ നൗഷാദിനെയും തിരിച്ചെടുത്തിട്ടുണ്ട്.

നടപടിക്ക് വിധേയരായ എ ഗ്രൂപ്പുകാരെ ഏകപക്ഷീയമായി സ്ഥാനമാനങ്ങളിലേക്ക് തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിൽ പ്രതിഷേധം ശക്തമാണ്.

കാക്കനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിലെ തൃക്കാക്കര എംഎൽഎയുടെ പേരെഴുതിയ ബോർഡ്‌ നീക്കിയ ഐ വിഭാഗം, തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റിന്റെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചു.

ഇതറിഞ്ഞ് സംഘടിച്ചെത്തിയ എ വിഭാഗക്കാർ ബോർഡ് പിഴുതുമാറ്റി വീണ്ടും എംഎൽഎയുടെ ബോർഡ് സ്ഥാപിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എംഎൽഎക്കെതിരെയുള്ള എതിർപ്പുകൾ പുറത്തറിയിക്കരുതെന്നാണ് ഐ വിഭാഗത്തിന് ഡിസിസി നൽകിയിരിക്കുന്ന നിർദേശം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/200526/dcc-knelt-down-before-mlas-threats-all-expelled-group-a-members-were-taken-back)