---
title: "#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം"
english_title: "#Violent #explosion at #Mookannur #Devagiri #Paramada"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202931/violent-explosion-at-mookannur-devagiri-paramada"
published_at: "2024-05-04T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66358a09f3bd6_explosion.jpg"
keywords: []
---

# #explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

> **Lead Summary:** **അങ്കമാലി : ** പ്രവർത്തനരഹിതമായ മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം. അങ്കമാലി പൊലീസും അഗ്‌നി രക്ഷാസേനയും നിർവീര്യമാക്കാൻ കൊണ്ടുവന്ന ഗുണ്ടുകളും പടക്കങ്ങളും പൊട്ടിയായിരുന്നു സ്ഫോടനം.

## Article Content

**അങ്കമാലി : ** പ്രവർത്തനരഹിതമായ മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം. അങ്കമാലി പൊലീസും അഗ്‌നി രക്ഷാസേനയും നിർവീര്യമാക്കാൻ കൊണ്ടുവന്ന ഗുണ്ടുകളും പടക്കങ്ങളും പൊട്ടിയായിരുന്നു സ്ഫോടനം.

മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി. മൂക്കന്നൂർ, തുറവൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ നിരവധി വീടുകൾക്ക് നാശമുണ്ടായി. വെള്ളി രാവിലെ പത്തോടെയാണ് സംഭവം. സ്ഫോടനത്തെത്തുടർന്നുണ്ടായ നാശത്തിന്‌ നഷ്ടപരിഹാരമില്ലാതെ പിരിയില്ലെന്നും കലക്ടറുടെ ഉറപ്പ് വേണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവച്ചു.

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. നാശനഷ്ടത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഇരുവരും നാട്ടുകാർക്ക് ഉറപ്പുനൽകി. നാശനഷ്ടം ഉള്ളവർ അവരവരുടെ വില്ലേജുകളിൽ അപേക്ഷ നൽകണം.

റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമുണ്ടാകുമെന്ന ഉറപ്പാണ് നൽകിയത്. ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി, പഞ്ചായത്ത് അംഗങ്ങളായ പി വി മോഹനൻ, കെ എസ് മൈക്കിൾ, സി എ രാഘവൻ, സിജി ജിജു എന്നിവർ പങ്കെടുത്തു.

സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു സ്ഥലത്തെത്തി. മുനമ്പം ഡിവൈഎസ്‌പി എൻ എസ് സലീഷിന്റെ നേതൃത്വത്തിലാണ് പൊലീസ്‌ എത്തിയത്. ഇതിനിടയിൽ അങ്കമാലി സിഐ ലാൽകുമാർ നാട്ടുകാരോട് കയർത്തതായി പരാതിയുണ്ട്. ഇതിനെതിരെ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202931/violent-explosion-at-mookannur-devagiri-paramada)